HealthInternationalLatest

മൂന്ന് പേരുടെ ഡിഎന്‍എയില്‍ പിറന്ന കുഞ്ഞ് ; മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങളുമായി കുട്ടികള്‍ ജനിക്കുന്നത് തടയും

“Manju”
A baby born with the DNA of three people; Prevents children from being born with mitochondrial diseases
മൂന്ന് പേരുടെ ഡിഎന്‍എയില്‍ പിറന്ന കുഞ്ഞ് ; മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങളുമായി കുട്ടികള്‍ ജനിക്കുന്നത് തടയും

ലണ്ടന്‍: മൂന്ന് പേരുടെ ഡിഎന്‍എ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെ യുകെയില്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയുടെയും അച്ഛന്റെയും കൂടാതെ മൂന്നാമതൊരാളുടെ ഡിഎന്‍എ കൂടി ചേര്‍ത്താണ് കുഞ്ഞിന് ജന്മം നല്‍കിയത്. മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങളുമായി കുട്ടികള്‍ ജനിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.

മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്‌മെന്റ് (എംഡിടി) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയില്‍ ആരോഗ്യമുള്ള സ്ത്രീ ധാതാക്കളുടെ അണ്ഡകോശം ഉപയോഗിച്ച്‌ ഐവിഎഫ് ഭ്രൂണങ്ങള്‍ സൃഷ്ടിക്കും. അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് പകരാന്‍ സാധ്യതയുള്ള ഹാനീകരമായ മ്യൂട്ടേഷനുകളില്‍ നിന്ന് മുക്തമായിരിക്കും ഈ ഭ്രൂണങ്ങള്‍. കുഞ്ഞിന്റെ 99.8 ശതമാനം ഡിഎന്‍എയും മാതാപിതാക്കളില്‍ നിന്നായിരിക്കും ശേഖരിക്കുന്നത്. ബാക്കി ചെറിയൊരു ശതമാനം മാത്രമാണ് ദാതാവില്‍ നിന്ന് സ്വീകരിക്കുക.

എന്താണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്‌മെന്റ്?

ജനിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലോ അഥവാ മണിക്കൂറുകള്‍ക്കകമോ മാരകമായേക്കാവുന്നതാണ് മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍. ഇത് ചികിത്സിച്ച്‌ ഭേദമാക്കാനാവില്ല. അമ്മയില്‍ നിന്ന് മാത്രമേ ഇത് കുട്ടികളിലേക്ക് പകരുകയുള്ളു. അതുകൊണ്ട്, ആരോഗ്യമുള്ള ഒരു ദാതാവിന്റെ അണ്ഡത്തില്‍ നിന്ന് മൈറ്റോകോണ്‍ഡ്രിയ ശേഖരിച്ച്‌ നടത്തുന്ന ഐവിഎഫിന്റെ ഒരു പരിഷ്‌കരിച്ച രീതിയാണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്‌മെന്റ്.

കുഞ്ഞിന്റെ കണ്ണിന്റെ നിറം, സ്വഭാവ സവിശേഷത തുടങ്ങിയ കാര്യങ്ങള്‍ നിര്‍വചിക്കുന്നത് മാതാപിതാക്കളുടെ ഡിഎന്‍എ ആയിരിക്കും. ഇതോടൊപ്പം ഒരു സ്ത്രീ ദാതാവിന്റെ ഡിഎന്‍എയുടെ ചെറിയ അളവും ഉണ്ടായിരിക്കും. ഇംഗ്ലണ്ടിലെ വടക്കുകിഴക്കന്‍ നഗരമായ ന്യൂകാസില്‍ ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയത്.

ഇതാദ്യമായല്ല മൂന്ന് പേരുടെ ജനിതക ഘടന ഉപയോഗിച്ച്‌ കുഞ്ഞ് ജനിക്കുന്നത്. 2016ല്‍ യുഎസ്സിലും സമാനമായ രീതി വിജയകരമായി പരീക്ഷിച്ചിരുന്നു.

 

Related Articles

Check Also
Close
Back to top button