IndiaLatest

ട്രെയിന്‍ ദുരന്തം; 80 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്

“Manju”

ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 80 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. അപകടം നടന്ന് ആറാം ദിവസത്തിലും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളില്‍ എത്തുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി ഡിഎന്‍എ പരിശോധന നടക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം എത്രയും വേഗം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം സി.ബി.ഐ അന്വേഷണം തുടരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ കൂടുതല്‍പ്പേരുടെ മൊഴിയെടുക്കും.

അട്ടിമറി സാധ്യത ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ സാങ്കേതിക പരിശോധനകളും നടത്തും. ഇന്റര്‍ലോക്കിങ് സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. വളരെ വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലക്ഷ്യം.

അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ആവശ്യമെങ്കില്‍ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.

മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. അപകടത്തില്‍ ഏകദേശം 288 പേര്‍ കൊല്ലപ്പെടുകയും 1,100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍ചെന്നൈ സെൻട്രല്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയില്‍വേ മന്ത്രി വിശദീകരിച്ചത്.

 

Related Articles

Back to top button