KeralaLatest

മണിയമ്മയ്ക്കു ഗുരുവെന്നാൽ ജീവനായിരുന്നു.

സമർപ്പണത്തെ ഇതിഹാസമാക്കിയ ഒരു ഭക്തയുടെ ധന്യജീവിതം.

“Manju”

താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ ഒരു ഭാഗം മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നു. വെള്ളം വീഴുന്നിടത്തേക്ക് വീട്ടിലെ പെൺമക്കളോട് പാത്രം നീക്കിവെയ്ക്കാൻ അമ്മ പറയും. വെള്ളത്തുള്ളികള്‍ പാത്രത്തില്‍ വീഴുന്നത് ആ വീട്ടിലെ കുട്ടികൾക്ക് ഇഷ്ടമാണ്.. അവിടെ അവര്‍ക്ക് പരാതികളും പരിഭവങ്ങളുമില്ലായിരുന്നു. ആ അച്ഛനും അമ്മയ്ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ഗുരുവിന്റെ സമീപത്ത് താമസിക്കാനവസരം കിട്ടിയതിന്റെ സന്തോഷമായിരുന്നു മനസ്സ് നിറയെ. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോമശേഖരൻനായരും മണിയമ്മയും രണ്ടു പെൺമക്കളും 1988 കാലഘട്ടത്തിലാണ് പോത്തൻകോട് ആശ്രമത്തിൽ വന്ന് ഗുരുവിനൊടൊപ്പം താമസിക്കാൻ തുടങ്ങിയത്. ജോലിസ്ഥലമായ മദ്രാസിലും, ഗ്വാളിയാറിലും, ഡൽഹിയിലും ശ്രീനഗറിലും ബറോഡയിലും സർവ്വീസ് കാലത്ത് എയർഫോഴ്സ് ഹോസ്റ്റലിലെ വിപുലമായ സൗകര്യങ്ങളിൽ താമസിച്ച അവർക്ക് ആശ്രമത്തിനുള്ളിലെ ചോർന്നൊലിക്കുന്ന ക്വാർട്ടേഴ്സും പരിസരവും ഒരിക്കലും അലോസരമുണ്ടാക്കിയില്ല. കുട്ടികളുടെ കേന്ദ്രീയ വിദ്യാലയത്തിിലെ പഠിപ്പിന്റെ സൗകര്യാർത്ഥം തിരുവനന്തപുരത്ത് കേശവദാസപുരത്ത് അഞ്ച് സെന്റു സ്ഥലവും വീടും വാങ്ങി അവിടെ താമസിച്ചു. ആ സമയത്താണ് മണിയമ്മയുടെ മൂത്ത സഹോദരൻ വിക്രമൻ നായർ സഹോദരിയേയും അളിയനേയും ആശ്രമത്തിൽ കൊണ്ടുവന്നത്. പിന്നീട് ആ കുടുംബം സിറ്റിയിൽ നിന്നും സ്ഥിരമായി ആശ്രമത്തിൽ വരാൻ തുടങ്ങി. പഴയ പ്രസ്സ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഗുരു നൽകിയ ഒരു മുറിയിലായി അവരുടെ താമസം. ഒരു കിടപ്പുമുറിയും ഒരടുക്കളയും. ആശ്രമത്തിൽ സൗകര്യങ്ങളൊന്നുമില്ലായിരുന്ന അക്കാലത്ത് അവര്‍ സന്തോഷപൂര്‍വ്വം അവിടെ താമസിച്ചു, വളരെക്കുറച്ചുപേര്‍ മാത്രമാണ് അന്ന് ആശ്രമത്തിൽ കുടുംബസമേതം താമസിച്ചിരുന്നത്‍. കെട്ടിടം മഴക്കാലത്ത് ചോർന്നൊലിച്ചിട്ടും ഉള്ള സൗകര്യത്തില്‍ അവര്‍ തൃപ്തരായിരുന്നു. മണിയമ്മയ്ക്കു ഗുരുശുശ്രൂഷയുള്‍പ്പെടെ നിരവധി ആശ്രമ കർമ്മ രംഗങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടായി. അതായിരുന്നു ആ കുടുംബം ഇവിടെ വന്ന് താമസിക്കുന്നതിനുള്ള കാരണവും, ഗുരുവിനെ ശുശ്രൂഷിക്കുക. ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഗുരുവിങ്കല്‍ തികഞ്ഞ വിശ്വാസമാണ് മണിയമ്മയ്ക്കുണ്ടായിരുന്നത്. അതുപോലെ ഭർത്താവായ സോമശേഖരൻ സാറും ഗുരു ശുശ്രൂഷകനായി. ഗുരു ആദിസങ്കല്പത്തിൽ ലയിക്കുന്ന കാലംവരെ കൂടെ നിന്നു. എന്തുണ്ടെങ്കിലും അത് ഗുരുവിന് കൊടുക്കാനുള്ള ഒരു മനസ്സുണ്ടായിരുന്നു ആ കുടുംബത്തിന്. അതുപോലെ ചിട്ടയും പ്രാര്‍ത്ഥനയും സൂക്ഷിക്കുന്ന സ്വഭാവമായിരുന്നു അമ്മയുടേത്. ഗുരു എന്ത് പറഞ്ഞാലും അതനുസരിക്കും. കുട്ടികളെയും മണിയമ്മ അതുപോലെ വളര്‍ത്തി. ആശ്രമത്തിലെ മറ്റെല്ലാ ജോലിയും ഒതുക്കിയിട്ട് അമ്മ ഗുരുവിന്റെ അടുത്ത് ഓടി വരും. അവിടെ വന്ന് ദീർഘനേരം നിൽക്കും. ഗുരു ഒരുപാട് കാര്യങ്ങൾ മണിയമ്മയോട് സംസാരിക്കും.

(ജൂലൈ 3) തിങ്കളാഴ്ച രാത്രി 11 മണിക്ക് കറകളഞ്ഞ ആ ഗുരുഭക്ത ഗുരുവിന്റെ സവിധത്തിലേക്ക് തിരികെ പോയി. എല്ലാവരുടേയും മണിയമ്മ ദിവംഗതയായി. ആ മഹതിയുടെ കുടുംബവും ശാന്തിഗിരി പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. കൊട്ടാരക്കര സ്വദേശിനിയായ മണിയമ്മയും കരുനാഗപ്പള്ളി സ്വദേശിയായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ഭർത്താവ് സോമശേഖരന്‍ നായരും മക്കളായ ശാലിനി, തനിമഹിമ എന്നിവരോടൊപ്പം ആശ്രമത്തില്‍ താമസത്തിനായി എത്തുന്നതും ഇവിടെ കഴിഞ്ഞതും അങ്ങനെയാണ്. എട്ടുവർഷത്തോളം ആശ്രമാങ്കണത്തിൽ അവർ ജീവിച്ചു. പിന്നീട് എൽ..ജി. ക്വാർട്ടേഴ്സ് പണികഴിപ്പിച്ചപ്പോൾ ഒരു വീടിന്റെ താക്കോൽ ഗുരുതന്നെ നേരിട്ട് മണിയമ്മയെ വിളിച്ച് നൽകി. തങ്ങളേക്കാൾ അർഹതയുള്ളവർ ഉണ്ട് എന്ന വിചാരത്തിൽ മണിയമ്മ മാറിനിന്നപ്പോൾ.. ‘നീയിതു വാങ്ങണം, ഇതു നിനക്കായി ഞാനിതു കാത്തുവെച്ചതാണ്.’ . പിന്നീട് കേശവദാസപുരത്തെ വീടും വസ്തുവും വിറ്റ് ആശ്രമത്തിനടുത്ത് ആനന്ദപുരത്ത് വസ്തു വാങ്ങി വീട് വെയ്ക്കുകയായിരുന്നു.

മണിയമ്മയ്ക്ക് ഗുരുവെന്നാൽ ജീവനായിരുന്നു. പാചകത്തിൽ നല്ല കൈപ്പുണ്യമുള്ള മണിയമ്മ ആദ്യകാലത്ത് സ്വദേശമായ കൊട്ടാരക്കരയിൽ നിന്നും ഗുരുവിനായി പ്രത്യേകം ചക്കവിഭവങ്ങളുൾപ്പെടെ ആഹാരസാധനങ്ങൾ പാചകം ചെയ്തു കൊണ്ടുവരും. ഗുരു ചക്കകൊണ്ടുള്ള ഹൽവ വളരെക്കാലം സൂക്ഷിച്ച് ഉപയോഗിക്കും. ആശ്രമത്തിൽ എത്തിയിരുന്ന പല വിശിഷ്ടവ്യക്തികളും മണിയമ്മയുടെ കൈപ്പുണ്യം രുചിച്ചു. കൊട്ടാരക്കര പള്ളിക്കൽ കുറ്റിക്കുന്നിൽ വീട്ടിൽ കുട്ടൻപിള്ളയുടേയും വിജയമ്മയുടേയും മൂത്ത മകളായാണ് മണിയമ്മ ജനിച്ചത്. 1983ലാണ് ആദ്യമായി ഗുരുവിനെ കാണുന്നത്. എന്തെന്നില്ലാത്ത ഒരു സ്നേഹം അപ്പോൾ അനുഭവപ്പെട്ടതായി അമ്മ പറഞ്ഞിരുന്നു. അമ്മയോടൊപ്പം ആ കുടുംബത്തിലെ മറ്റെല്ലാ സഹോദരങ്ങളും ആശ്രമ വിശ്വാസികളായി മാറി.

1993ൽ കൊട്ടാരക്കരയുള്ള മണിയമ്മയുടെ കുടുംബ വീട്ടിലേക്ക് ഗുരു സന്ദർശനം നടത്തി. അതിനു മുമ്പ് ആ കൊച്ചുവീട്ടിലേക്ക് ചെല്ലാമെന്ന് ഗുരു പലപ്പോഴും പറഞ്ഞെങ്കിലും ഗുരുവിനെ ക്ഷണിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ച് നിന്നു.. ഒരു പുതിയ വീട് നിർമ്മിച്ച ശേഷം ഗുരുവിനെ വിളിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാർ. അവിചാരിതമായാണ് ഗുരു അവിടെ ചെന്നത്. എന്റെ വീട്ടിൽ വരുന്നതിന് എന്നെ നിങ്ങൾ ക്ഷണിക്കേണ്ടതില്ല എന്ന് ഗുരു പറഞ്ഞുപിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. കിണറ്റിലെ വെള്ളവും മുറ്റത്തെ പൂക്കളുമുപയോഗിച്ച് അവർ ഗുരുവിനെ തങ്ങളാലാകും വിധം സ്വീകരിച്ചു. പ്രാർത്ഥനയും സങ്കല്പവും കൊണ്ട് ആ വീടിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് ഗുരു അവരോട് അന്ന് സൂചിപ്പിച്ചു.

ഗുരു കൊട്ടാരക്കരയിലെ വീട്ടിലെത്തിയപ്പോൾ മണിയമ്മയുടെ ചിറ്റപ്പനായ നാരായണൻ നായർ അവിടെയെത്തിയിരുന്നു. കേൾവിക്കാരുടെ ഇ‌ടയിൽ ഇരുന്നു. ഗുരു പറഞ്ഞു ഇവിടെ കൂടിയിരിക്കുന്ന എല്ലാവരേയും എനിക്ക് അറിയാം..” അപ്പോൾ ചിറ്റപ്പൻ ഗുരുവിനോട് ചോദിച്ചു.. സ്വാമിയ്ക്ക് എന്നെ ഓർമ്മയുണ്ടോ..? ഗുരു പറഞ്ഞു.. “പിന്നെ നാരായണൻ നായരെ എനിക്കറിയില്ലേ..” ചിറ്റപ്പനായ നാരായണൻ നായർ സംസ്കൃതപണ്ഡിതനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സംസ്കൃത അദ്ധ്യാപകനായിരുന്ന അദ്ദേഹം വർക്കല ശിവഗിരിയിലും കുറെക്കാലം സന്യാസ്ഥർക്ക് ക്ലാസ് എടുത്തിരുന്നു. നാരായണൻ നായരുമായി ഗുരു വർക്കലയിലെ ജീവിതകാലം ഓർത്തെടുത്തു. ആ കാലത്തു അദ്ദേഹത്തിന്റെ വീട്ടിൽ ഗുരു സന്ദർശനം നടത്തിയിരുന്നു.

2003 ഫെബ്രുവരി 22ന് മണിയമ്മയുടെ സഹോദരിപുത്രി ജനനി നിശ്ചിത ജ്ഞാനതപസ്വിനിക്ക് ഉണ്ടായ ഒരു ദർശനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആ കുടുംബം ഒരു രജതപീഠം ഗുരുവിന് സമർപ്പിച്ചിരുന്നു. മണിയമ്മയുടെ മനസ്സായിരുന്നു അതിന് പിന്നിൽ. ആ ദിവസം പൂജിതപീഠം സമർപ്പണം ആഘോഷം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. ശാന്തിഗിരി 2003 ഡിസംബർ 18ന് അഭിവന്ദ്യ ശിഷ്യപൂജിത കൊട്ടാരക്കര വീണ്ടും ഇവരുടെ വീട് സന്ദർശിച്ച സമയത്ത് ആ സ്ഥലത്തിന്റെ ആത്മീയ പ്രാധാന്യം വെളിപ്പെടുത്തിയിരുന്നു. അവർക്കുള്ള എട്ടേക്കറോളം സ്ഥലം ഗുരുവിന് സമർപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു വീട്ടുകാർ.

2008 ആഗസ്റ്റിൽ മണിയമ്മക്ക് ഒരു പനി വരുകയും അത് മൂർച്ഛിച്ച് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. .സി.യുവിൽ വച്ച് ഒരു സ്ട്രോക്ക് വരുകയും ചുണ്ടുകളും ശരീരത്തിന്റെ ഒരു ഭാഗവും കോടിപ്പോവുകയും ഓർമ്മയും സംസാരശേഷിയും നഷ്ടപ്പെടുകയും ചെയ്തു. .സി.യുവിൽ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി അവിടെ 18 ദിവസം കഴിഞ്ഞു. ഇനി പത്ത് ശതമാനം പോലും ജീവൻ തിരിച്ചുകിട്ടാൻ സാധ്യതയില്ല എന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. തലച്ചോറിനും ഹൃദയത്തിനും ഉൾപ്പെടെ തകരാറ് സംഭവിച്ചുവെന്നും ജീവിച്ചാൽ തന്നെ അംഗഭംഗം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഈ സമയത്ത് ഗുരുനിർദ്ദേശപ്രകാരം ആശ്രമത്തിൽ കൂട്ടപ്രാർ ത്ഥന നടത്തി. അഭിവന്ദ്യ ശിഷ്യപൂജിത അമ്മയ്ക്കായി പ്രത്യേകം സങ്കല്പം ചെയ്തു. അങ്ങനെയാണ് ആ രോഗാവസ്ഥക്ക് മാറ്റം വന്നത്. അബോധാവസ്ഥയിലായിരുന്ന സമയത്ത് ദർശനാനുഭവത്തിൽ നിരന്തരമായി കാഴ്ചകൾ കണ്ട വിവരം പിന്നീട് മണിയമ്മ പറഞ്ഞിരുന്നു.

2013 മാർച്ച് മാസം കൊട്ടാരക്കരയിൽ ഒരു സത്സംഗം നടന്നു. അവിടെ ഒരു ആശ്രമം ബ്രാഞ്ച് വരണമെന്ന ആഗ്രഹം ആ പ്രദേശത്തെ ആത്മബന്ധുക്കൾ പ്രകടിപ്പിച്ചു. അക്കാര്യം ഞാൻ ഗുരുവിനെ അറിയിച്ചപ്പോൾ ആശ്രമം ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. മണിയമ്മയും വീട്ടുകാരും കുടുംബസ്ഥലം ഗുരുവിന് സമർപ്പിച്ചു. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു. ഏല്ലാവരുടെയും പരിശ്രമം കൊണ്ട് വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് കൊട്ടാരക്കരയിലെ ആ സ്ഥലം ഒരു ആശ്രമമായി മാറി. 2014 മാർച്ച് 23ന് അഭിവന്ദ്യ ശിഷ്യപൂജിത ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന് തിരിതെളിയിച്ചു.

സമർപ്പണം എന്ന വാക്കിന്റെ അർത്ഥത്തെ ഇത്ര ആഴത്തിൽ ഉൾക്കൊണ്ട വ്യക്തികൾ താരതമ്യേന കുറവായിരിക്കും. കയ്യിലുള്ളതെന്തും മനസോടെ ഗുരുവിന് കൊടുക്കാൻ മണിയമ്മ മത്സരിച്ചു. മറ്റുള്ളവരെ പ്രചോദിപ്പിച്ചു. സഹോദരിയുടെ മകളായ രഞ്ജിനിയെന്ന ജനനി നിശ്ചിത ജ്ഞാനതപസ്വിനിയെ തപസിന്റെ ത്യാഗമഹിമയിൽ ഗുരു സങ്കല്പത്തിലെത്താൻ പ്രചോദിതമാക്കിയതിനു പിന്നിൽ ഈ അമ്മയുടെ പ്രാർത്ഥനയുണ്ട്. ഈ കഴിഞ്ഞ ഒക്ടോബറിൽ ആ കുടുംബത്തിലെ ഈ തലമുറയിലെ രണ്ടുപേർ കൂടി, അമ്മയുടെ പേരക്കുട്ടികൾ, ആശ്രമത്തിലെ ബ്രഹ്മചാരിണിമാരായി. ജനസ്തുതിയും കീർത്തനയും. കുറച്ചു മാസങ്ങളായി തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു മണിയമ്മ. ഏറെ നാളത്തെ ആശുപത്രിവാസം. ഗോകുലം ആശുപത്രിയിൽ ഐ.സി.യൂണിറ്റിൽ കിടക്കവേ കാണാൻ ചെന്ന മകളോട് അമ്മ പറഞ്ഞു. “ഗുരു എന്റെ അടുത്തു വന്നു നിൽക്കുവാ.. എന്നെ കൊണ്ടു പോവാൻ..” തികഞ്ഞ ആ ഗുരു ഭക്തയുടെ വിയോഗം നമുക്കൊക്കെ വലിയ വേദനയുണ്ടാക്കുന്നു. അമ്മയെ ഞാൻ കാണുമ്പോഴൊക്കെ ഗുരുവിന്റെ കാര്യമാണ് എപ്പോഴും പറയുവാനുണ്ടായിരുന്നത്.

1988 ൽ ചേർത്തലയിലെ തൈക്കൽ എന്ന സ്ഥലത്ത് ഒരു ആശ്രമ ഭക്തയുടെ വിവാഹം നടന്നു. അന്ന് ആശ്രമത്തിൽ നിന്നും ഗുരു അയച്ചതുമണിയമ്മയുടെ നേതൃത്വത്തിൽ ഒരു സംഘത്തെയാണ്. അന്നു ഞാൻ പയ്യനായിരുന്നു. എനിക്ക് അന്നു കിട്ടിയ വാത്സല്യവും സ്നേഹവും ഇന്നുവരേയും തുടർന്നു. ദേഹവിയോഗ നടക്കുമ്പോൾ ഞാൻ ഡൽഹിയിലായിരുന്നു.
വിമാനത്തിന് ടിക്കറ്റ് കിട്ടാത്തതിനാൽ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. പുണ്യവതിയായ ആ ധന്യമാതാവിന് എന്റെ പ്രണാമം. ഗുരുവിനെ ലോകത്തെ അറിയിക്കാൻ അമ്മ നടത്തിയ ആത്മാർപ്പണം ഭക്തിയുടെ ഇതിഹാസമാണ്. പറയാൻ ഒരുപാട് ഒരുപാടുണ്ട്.. ഓർക്കും തോറും പെരുകുന്ന നന്മയുടെ ഈർപ്പമുള്ള ഓർമ്മകൾ.

സ്നേഹനിധിയായ അമ്മയ്ക്കു എന്റെ സാദര പ്രണാമം.

ഗുരുസ്മരണയോടെ,
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

Related Articles

Back to top button