IndiaKeralaLatest

ഗുരുവിന്റെ ആദ്യദര്‍ശനാനുഭവം; കൊടിതൂക്കി മലയില്‍ ധ്യാനിച്ച് അവധൂതയാത്രികര്‍

“Manju”

കാട്ടുമൃഗങ്ങള്‍ സഞ്ചരിച്ചിരുന്ന കൊടും കാടായിരുന്നു അരുവിപ്പുറം. അവിടെ നിന്നും  അല്പം മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊടിതൂക്കി മല.

 

ഗുരുദേവന്‍ ധ്യാനത്തിനായി തിരഞ്ഞെടുത്ത സ്ഥലമാണിത്. ധ്യാനനിമഗ്നനായിരിക്കുന്ന ഗുരുദേവനോടൊപ്പം പുലിയും വന്യമൃഗങ്ങളും അരുമമൃഗങ്ങളെ പോലെ നില്‍ക്കുമായിരുന്നത്രേ.

അദ്ദേഹത്തിന് സുബ്രമഹ്ണ്യസ്വാമിയുടെ ദര്‍ശനം ലഭിച്ചത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന് സമീപത്തു നിന്ന് മുന്നൂറിലധികം പടവുകള്‍ കയറി കൊടിതൂക്കി മലയില്‍ എത്താം.

നെയ്യാറ്റിന്‍കരയുടെ മനോഹര കാഴ്ചയും കാണാം. ഇവിടെ ഗുരു തപസ്സനുഷ്ഠിച്ച ഗുഹ, ശിഷ്യരില്‍ ഒരാളായ അരുവിപ്പുറത്തെ പൂജാരിയായിരുന്ന ഭൈരവന്‍ സ്വാമി മണ്ഡപം, കടവ് എന്നിവയുണ്ട്.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു തന്റെ ആത്മീയ ജീവിതത്തിനിടയില്‍ അരുവിപ്പുറത്ത് സേവനം ചെയ്യുന്ന സമയത്ത് ശ്രീനാരായണ ഗുരു തപസ്സുചെയ്ത കൊടിതൂക്കി മലയില്‍ നാല്പത് കയറിപോകുകയും ഗുഹയില്‍ കയറിയിരുന്ന് ഒരു പത്ത്മിനിറ്റ് അനന്തമായ ആകാശവിതാനത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു.

അത്രയേ ഗുരുവിന് സമയം കിട്ടാറുണ്ടായിരുന്നുള്ളു. നാല്പതാം ദിവസം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളിന്റെ അര്‍ദ്ധകായ രൂപം ഗുരു കാണാനിടയായി. ആ രൂപം കണ്ട് ശരീരം പ്രകമ്പിതമാവുകയും അര്‍ദ്ധബോധാവസ്ഥ അനുഭവപ്പെടുകയും ചെയ്തു. അത് സാക്ഷാല്‍ ഋഷിസായിബാബയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഏതോ ഒരു പൂര്‍വ്വജന്മത്തില്‍ ഋഷി സായിബാബ ഗുരുവിന്റെ ഗുരുവായിരുന്നു.

ഈ കൊടിതൂക്കി മലയിലേക്കാണ് ശാന്തിഗിരി അവധൂത സംഘം എത്തിയത്. അവര്‍ അല്പ നേരം ധ്യാനനിരതരായി. തങ്ങളുടെ ഗുരുവിന് ദര്‍ശനം ലഭിച്ച ആ പുണ്യസ്ഥലത്ത് പ്രാര്‍ത്ഥനയും സങ്കല്പവും ചെയ്തു. തിരിച്ച് ഗുരുമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ആ ശിഷ്യര്‍ പതുക്കെ കൊടിതൂക്കി മലയിറങ്ങി.

വരുന്ന വഴിയില്‍ സുധാകരന്‍ എന്നൊരാളെ കണ്ടു. അദ്ദേഹത്തിന്റെ അനുജന് സന്തോഷ് എന്ന് പേരിട്ട കഥയൊക്ക പറഞ്ഞു കൊടുത്തു.

വിശന്നു വരുന്നവര്‍ക്ക് ഒരുപിടിയെങ്കിലും ഭക്ഷണം ഗുരു കൊടുക്കുന്നതൊക്കെ അദ്ദേഹം ഓര്‍ത്തെടുത്തു. ഈ കഥ കേട്ടപ്പോള്‍ തങ്ങളുടെ എല്ലാമെല്ലാമായ ഗുരുവിനെ ഒരിക്കല്‍ കൂടി സ്മരിച്ചുകൊണ്ട് യാത്ര പറഞ്ഞ് ആ സംഘം അവിടെ നിന്ന് മടങ്ങി.

 

 

 

Related Articles

Back to top button