IndiaLatest

ഇന്ത്യയ്ക്ക് അഭിമാനം; പുതുചരിത്രം കുറിച്ച്‌ അഭിലാഷ് ടോമി

“Manju”

ലെ സാബ്ലെ ദൊലാന്‍: പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച്‌ മലയാളി നാവികന്‍ അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ വച്ച്‌ പായ് വഞ്ചിയില്‍ യാത്ര തിരിച്ച അഭിലാഷ് രണ്ടാം സ്ഥാനത്തോടെയാണ് തീരം തൊട്ടത്. ഇതോടെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനുമെന്ന ചരിത്രമാണ് അഭിലാഷ് ടോമിയെ തേടിയെത്തിയത്.

എട്ട് മാസങ്ങള്‍ക്ക് ശേഷം പ്രാദേശിക സമയം രാവിലെ 10.30 ഓടെ ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് അഭിലാഷ് ടോമി മടങ്ങിയെത്തിയത്. 1968ലെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പായ് വഞ്ചിയില്‍ 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും കൊണ്ടാണ് അഭിലാഷ് തന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിച്ചത്. 48,000 കിലോ മീറ്ററാണ് അഭിലാഷ് ഇത്രയും ദിവസം കൊണ്ട് സഞ്ചരിച്ചത്.

2018ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ ആദ്യ യാത്ര അപകടത്തെ തുടര്‍ന്ന് അഭിലാഷ് ടോമിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വഞ്ചിയുടെ പായ്മരത്തില്‍ നിന്ന് വീണ അഭിലാഷിന്റെ സ്‌പൈനല്‍കോഡിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് യാത്ര അവസാനിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും സാഹസികമായ കായിക വിനോദങ്ങളില്‍ ഒന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 16 പേരുമായാണ് ഫ്രാന്‍സില്‍ നിന്ന് യാത്ര ആരംഭിച്ചത്. റേസ് അവസാനിക്കുമ്പോള്‍ അഭിലാഷ് ഉള്‍പ്പടെ മൂന്ന് പേരാണ് അവശേഷിച്ചത്. റേസില്‍ ഒന്നാം സ്ഥാനം നേടിയത് ദക്ഷിണാഫ്രിക്കന്‍ വനിത താരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ്. പായ് വഞ്ചിയോട്ട മത്സരത്തില്‍ വിജയിക്കുന്ന ആദ്യ വനിതയും ആദ്യ ദക്ഷിണാഫ്രിക്കന്‍ നാവികയുമാണ് കിര്‍സ്റ്റന്‍.

2013ല്‍ പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, അഡ്വഞ്ചര്‍ സ്പോര്‍ട്സിലെ മികവിന് ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്ത് വെച്ചായിരുന്നു കഴിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയ തിരയിലുമായിരുന്നു അപകടം.

അന്ന് ഫ്രഞ്ച് കപ്പല്‍ ഒസരീസ് ആണ് അഭിലാഷിനെ രക്ഷിച്ചത്. നടുവിന് പരിക്കേറ്റ അഭിലാഷ് ദീര്‍ഘ കാലം വിശ്രമത്തിലായിരുന്നു. നാവിക സേനയിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും സെയിലിംഗ്‌ലേക്ക് തിരിച്ചെത്താനായില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button