InternationalLatest

വിരമിക്കാനൊരുങ്ങി ബഫണ്‍, കളിച്ചത് 5 ലോകകപ്പുകളില്‍

“Manju”

മിലാന്‍: ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. 28 വര്‍ഷം നീണ്ട കരിയറാണ് ബഫണ്‍ അവസാനിപ്പിക്കുന്നത്. നിലവില്‍ ഇറ്റാലിയന്‍ സീരി ബിയില്‍ പാര്‍മയ്ക്ക് വേണ്ടിയാണ് താരം ഗോള്‍വല കാക്കുന്നത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. താരം ഉടന്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടും.

പാര്‍മയില്‍ തുടങ്ങി പാര്‍മയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുകയാണ് ബഫണ്‍. 45 കാരനായ ബഫണ്‍ 1995-ല്‍ പാര്‍മയിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ഇറ്റലിയ്ക്ക് വേണ്ടി താരം 1997-ല്‍ അരങ്ങേറ്റം നടത്തി. 1997 മുതല്‍ 2018 വരെ ഇറ്റാലിയന്‍ ഗോള്‍വല കാത്ത ബഫണ്‍ രാജ്യത്തിനായി 176 മത്സരങ്ങള്‍ കളിച്ചു. 1998, 2002, 2006, 2010, 2014 ഫുട്‌ബോള്‍ ലോകകപ്പുകളില്‍ താരം രാജ്യത്തിന്റെ വല കാത്തു.

2006-ല്‍ ഇറ്റലിയ്ക്ക് ലോകകപ്പ്‌ കിരീടം നേടിക്കൊടുത്തതില്‍ ബഫണ്‍ വഹിച്ച പങ്ക് ചെറുതല്ല. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ബഫണിന്റെ ഉഗ്രന്‍ സേവുകളാണ് ടീമിന് തുണയായത്. അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്ത ലോകത്തിലെ ആറുതാരങ്ങളിലൊരാളാണ് ബഫണ്‍. 80 മത്സരങ്ങളില്‍ ഇറ്റലിയെ നയിക്കാനും താരത്തിന് സാധിച്ചു.

ക്ലബ്ബ് കരിയറില്‍ 1995 മുതല്‍ 2001 വരെ പാര്‍മയില്‍ കളിച്ച ബഫണ്‍ 2001-ല്‍ റെക്കോഡ് തുകയ്ക്കാണ് യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിനൊപ്പം 2018 വരെ നില്‍ക്കാന്‍ ബഫണ് സാധിച്ചു. 509 മത്സരങ്ങളിലാണ് താരം ടീമിനായി വല കാത്തത്. 2018-2019 സീസണില്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയെങ്കിലും പിന്നീട് താരം യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തി. 2021-ല്‍ ബഫണ്‍ തിരിച്ച് പാര്‍മയിലേക്ക് തന്നെ മടങ്ങി.

ഇറ്റാലിയന്‍ സീരി എയില്‍ 657 മത്സരങ്ങളിലാണ് ബഫണ്‍ കളിച്ചത്. ഇത് ലോകറെക്കോഡാണ്. അതുപോലെ സീരി എയില്‍ ഗോള്‍വഴങ്ങാതെ ഏറ്റവുമധികം സമയം കളിച്ച താരത്തിനുള്ള റെക്കോഡും ബഫണ്‍ സ്വന്തമാക്കി. 974 മിനിറ്റാണ് താരം ഗോള്‍ വഴങ്ങാതെ കളിച്ചത്. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. സീരി എയില്‍ താരത്തിന് ആകെ 285 ക്ലീന്‍ ഷീറ്റുകളുണ്ട്. യുവന്റസിനൊപ്പം 10 സീരി എ കിരീടവും അഞ്ച് കോപ്പ ഇറ്റാലിയ കിരീടവും നേടാന്‍ താരത്തിന് സാധിച്ചു. പി.എസ്.ജിയില്‍ കളിച്ചപ്പോള്‍ ലീഗ് വണ്‍ കിരീടം നേടാനും കഴിഞ്ഞു. ബഫണ്‍ ബൂട്ടഴിക്കുമ്പോള്‍ ഒരു യുഗമാണ് അവസാനിക്കുന്നത്.

Related Articles

Back to top button