KeralaLatest

സാംസ്കാരിക സാഹിത്യമേഖലയില്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണം- ഗോവ ഗവര്‍ണര്‍

“Manju”

തിരുവനന്തപുരം: കേരളം സാംസ്കാരിക സാഹിത്യമേഖലയില്‍ കൂടുതല്‍ ആഴത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പതിനഞ്ചാം വാർഷിക സമ്മേളനം വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.
വയലാറിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. പ്രണയം, വിരഹം, വിപ്ലവം, ഭക്തി, വേദാന്തം, മന:ശാസ്ത്രം , അദ്വൈത്വം എന്നിവയെല്ലാം വയലാര്‍ തന്റെ സാഹിത്യസപര്യയുടെ ഇന്ധനമാക്കി. അതുകൊണ്ടു തന്നെ മനുഷ്യമനസ്സിനെ ആഴത്തില്‍ പഠിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ വയലാറിന് സാധിച്ചുവെന്നും കാലത്തിനൊത്ത് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതാണ് വയലാറിന്റെ സാഹിത്യസംഭാവനകളെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

മന്ത്രി ആന്റണി രാജു ചടങ്ങിൽ മുഖ്യാതിഥിയായി. വയലാറിന്റെ ഗാനങ്ങള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലില്ല. പതിറ്റാണ്ട് പിന്നിട്ടിട്ടും ആ മഹാപ്രതിഭ ജനമനസ്സുകളില്‍ ജീവിക്കുന്നത് അദ്ധേഹത്തിന്റെ വരികളുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിതരുന്നു. വയലാറിനൊപ്പം വയലാറിന്റെ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് താനെന്ന് മന്ത്രി പറഞ്ഞു.

സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌‌മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ. ശ്രീവത്സൻ നമ്പൂതിരി വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ സ്പീക്കർ എം. വിജയകുമാർ, മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, കോട്ടുകാൽ കൃഷ്ണകുമാർ, നിംസ് മെഡിസിറ്റി നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജോസ്‌ലിന്‍, മണക്കാട് രാമചന്ദ്രൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം ഭാരത് ഭവനിലെ വയലാർ വേദിയിൽ പി.ഭാസ്കരൻ, അർജ്ജുനൻ മാഷ് എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി മണക്കാട് ഗോപന്‍ നയിച്ച ഗാനസന്ധ്യ നടന്നു. സർഗ്ഗവേദിയിൽ നിംസ് കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികള്‍ നൃത്തസന്ധ്യ അവതരിപ്പിച്ചു. സ്വാതിതിരുനാൾ സംഗീത കോളേജ് ആഡിറ്റോറിയത്തിൽ സംഗീതോത്സവവും മേട്ട്ക്കട്ട ചിത്തരജ്ഞൻ ഹാളിൽ സാഹിത്യോത്സവവും നടന്നു. സാഹിത്യോത്സവത്തിൽ ടി.പി.ശാസ്തമംഗലം, ജയൻ പോത്തൻകോട്, രാധാകൃഷ്ണൻ. പി.എസ്, ജേക്കബ് എബ്രഹാം എന്നിവർ സംബന്ധിച്ചു.

ആഗസ്റ്റ് 6 വരെ ഭാരത് ഭവനിലെ രണ്ട് വേദികളിലും, സ്വാതി തിരുനാൾ സംഗീത കോളേജ്, ചിത്തരഞ്ജൻ ഹാൾ എന്നീ വേദികളിലുമായി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. ഇന്ന് (2023 ആഗസ്റ്റ് 4) നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വയലാർ സിനിമ സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ സമ്മാനിക്കും.

 

Related Articles

Back to top button