KeralaLatest

കീറ്റോഡയറ്റ് പ്രശ്നമാണോ.?..

“Manju”

 

ഹൃദയാഘാതം മൂലം മരണപ്പെടുന്ന യുവാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു.

2021ലാണ് കന്നഡ നടൻ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്താല്‍ മരിക്കുന്നത്. കഴിഞ്ഞദിവസമാണ് നടിയും നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദനയും ഹൃദയാഘാതംമൂലം മരണപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. സ്പന്ദനയുടെ മരണത്തോടെ വീണ്ടും കീറ്റോ ഡയറ്റും ഹൃദയാരോഗ്യവും സംബന്ധിച്ച ചര്‍ച്ചകളും സജീവമാവുകയാണ്.

സ്പന്ദന കടുത്ത ഡയറ്റിങ്ങിലായിരുന്നുവെന്നും കീറ്റോഡയറ്റ് ശൈലിയാണ് താരം പിന്തുടര്‍ന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ബോഹൈഡ്രേറ്റ്സിന്റെ അളവ് തീരെ കുറയ്ക്കുകയും കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ഭക്ഷണരീതിയാണിത്. ശരീരഭാരം കുറയ്ക്കാനുള്ള മികച്ചവഴി എന്നുപറഞ്ഞാണ് പലരും ഈ രീതി പിന്തുടരാറുള്ളത്. എന്നാല്‍ ഇതും സ്പന്ദനയുടെ മരണത്തിലേക്ക് നയിച്ച ഘടകമാണോ എന്നതുസംബന്ധിച്ചാണ് ചര്‍ച്ചകള്‍ ഉയരുന്നത്.

കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കിലോ ശരീരഭാരം കുറച്ചതിന്റെപേരില്‍ സ്പന്ദന ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പ്രസവശേഷം വണ്ണംവെച്ച സ്പന്ദന കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് വണ്ണംകുറച്ച്‌ വാര്‍ത്തയില്‍ നിറഞ്ഞത്. ഏകദേശം 16കിലോയോളമാണ് സ്പന്ദന ചുരുങ്ങിയകാലം കൊണ്ട് കുറച്ചത്. കീറ്റോ ഡയറ്റ് ശീലമാക്കിയതാണ് സ്പന്ദനയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സാമൂഹികമാധ്യമത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താൻ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് കീറ്റോ ഡയറ്റിലൂടെ ചെയ്യുന്നത്. കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്നതു സംബന്ധിച്ച ഒരുപഠനം അടുത്തിടെ പുറത്തുവന്നിരുന്നു. അമേരിക്കൻ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആന്വല്‍ സയിന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. കീറ്റോജെനിക് ഡയറ്റ് എടുക്കുന്ന് മോശം കൊളസ്ട്രോള്‍ആയ ലോ ഡെൻസിറ്റി ലൈപ്പോപ്രോട്ടീന്റെ‘ (എല്‍ഡിഎല്‍) ഉത്പാദനം കൂട്ടുമെന്നും ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഇവര്‍ കണ്ടെത്തിയത്.

കീറ്റോ ഡയറ്റ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന വിധം

സാധാരണഗതിയില്‍ നമ്മുടെ ശരീരം കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച്‌ ഗ്ലൂക്കോസാക്കി അതിനെ രക്തത്തിലേക്ക് റിലീസ് ചെയ്താണ് കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്ബോള്‍ ഊര്‍ജത്തിനായി ശരീരം കൊഴുപ്പിനെ ആശ്രയിക്കും. ഈ പ്രക്രിയ കീറ്റോസിസ്എന്നാണ് അറിയപ്പെടുന്നത്. ഇതാണ് കീറ്റോഡയറ്റില്‍ സംഭവിക്കുന്നത്. 75% കൊഴുപ്പും 20% പ്രോട്ടീനും 5% കാര്‍ബോഹൈഡ്രേറ്റുമാണ് ഈ ഭക്ഷണക്രമത്തിലുള്ളത്. വെളിച്ചെണ്ണ, ബട്ടര്‍, ചീസ്, മയണൈസ്, മാംസം മുതലായവ ഈ ഡയറ്റില്‍ അനുവദനീയമാണ്. എന്നാല്‍, ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒരു ഭക്ഷണവും ഇത്തരക്കാര്‍ ഉപയോഗിക്കാൻ പാടില്ല.

ഹൃദയത്തെ ബാധിക്കുന്ന വിധം

കീറ്റോയോ അതിന് സമാനമായ മറ്റ് ഡയറ്റുകളോ പിന്തുടരുന്നവര്‍ക്ക് സ്റ്റെന്റുകള്‍ ആവശ്യമായ ആര്‍ട്ടെറി ബ്ലോക്കേജ്, ഹൃദയാഘാതം, മസ്തിഷ്കാഘാതം, പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് മുതലായവ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ ഇരട്ടിയിലധികമാണെന്നാണ് പന്ത്രണ്ട് വര്‍ഷത്തെ പഠനത്തില്‍ കണ്ടെത്തിയത്.

എന്നാല്‍, പഠനം നടത്തിയ ആളുകളില്‍ കൂടുതല്‍പേരും കീറ്റോ ഡയറ്റ് പിന്തുടരുന്നതിന് മുമ്ബും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉയര്‍ന്ന സാധ്യതയുണ്ടായിരുന്നവരാണെന്നും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഏതായാലും, ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

 

Related Articles

Back to top button