KeralaLatest

മുന്‍രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ശാന്തിഗിരിയില്‍ വന്‍ വരവേല്‍പ്പ് ; ഗുരുസ്മരണയില്‍ നാളെ നവപൂജിതം ആഘോഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥി

“Manju”

പോത്തന്‍കോട് : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ശാന്തിഗിരി ആശ്രമത്തിലെത്തിയ മുന്‍രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വന്‍ വരവേല്‍പ്പ് . ഇന്ന് (21-8-2023 തിങ്കളാഴ്ച )വൈകുന്നേരം ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ, ലൂഥറന്‍സ് സഭ ബിഷപ്പ് റവ. ഡോ.മോഹന്‍ മാനുവല്‍, എം.ജി.സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറല്‍ സെക്രട്ടറിയും ദേശീയ ന്യൂനപക്ഷകമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗവും വേദിക് ഇ.സ്കൂള്‍ ഡയറക്ടറുമായ  ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ആശ്രമം ഉപദേശകസമിതി പേട്രണ്‍ ഡോ. ജി.ആര്‍.കിരണ്‍, അഡ്വൈസര്‍ ജയപ്രകാശ്. എ, ഹാര്‍വെസ്റ്റ് ടി.വി. എം. ഡി ബിബി ജോര്‍ജ്ജ് ചാക്കോ, സി.എസ്.ഐ. സഭ ട്രസ്റ്റി നിബു ജേക്കബ് വര്‍ക്കി, ജീവന്‍ ടിവി എം.ഡി സാജന്‍ വേളൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് അദ്ദേഹം വി.കെ.എല്‍. ശാന്തിഹോംസില്‍ താമസിക്കും.

നാളെ (22/08/2023) ചൊവ്വാഴ്ച രാവിലെ 9 ന് താമരപ്പര്‍ണ്ണശാലയില്‍ മുന്‍ രാഷ്ട്രപതി പുഷ്പസമര്‍പ്പണം നടത്തും. നവപൂജിതം ആഘോഷപരിപാടികളുടെ ഉദ്ഘാടനം 9.30 ന് നിര്‍വഹിക്കും. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. സമ്മേളനത്തിന് ശേഷം മുന്‍രാഷ്ട്രപതിയും ഗവര്‍ണറും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുമായി കൂടിക്കാഴ്ച നടത്തും.

ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം  കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വൈകിട്ട് 3.30 ന് നടക്കുന്ന പൊതുസമ്മേളനം  സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവും ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിന്നും നിരവധി പേര്‍ വിവിധ സമ്മേളനങ്ങളിലായി  സംബന്ധിക്കും.

നവപൂജിതം ദിനമായ നാളെ രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാ‍ഞ്ജലിയോടെയും പ്രാര്‍ത്ഥനയോടെയും  ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, 7 മണിമുതല്‍ പുഷ്പസമര്‍പ്പണം. ഉച്ചയ്ക്ക് അന്നദാനവും വിവിധ സമർപ്പണങ്ങളും നടക്കും. വൈകിട്ട് 5 ന് ദീപപ്രദക്ഷിണം. നവപൂജിതം ആഘോഷങ്ങൾക്ക് മിഴിവേകാൻ ജാപ്പാനീസ് നർത്തകി കനേമി ടോമിയാസുവിന്റെ ഭരതനാട്യചുവടുകളുമുണ്ടാകും. രാത്രി 9.30 ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറും . സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണ കുംഭമേളയോടെ ഇക്കൊല്ലത്തെ നവപൂജിതം ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.

Related Articles

Back to top button