
വാഷിംഗ്ടണ്‍: ഖലിസ്ഥാന്‍ വാദികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി. അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ലെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളുണ്ടായാല്‍ ലോകരാജ്യങ്ങള്‍ക്ക് കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ല.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണം. സംഭവത്തേക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ബ്ലിങ്കന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല
അതേസമയം ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ട് പോകണമെന്ന സിഖ്സ് ഫോര്‍ ജസ്റ്റീസ് തലവന്‍ ഗുര്‍പത് വന്ത് സിംഗിന്റെ പ്രകോപന പ്രസ്താവന കാനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറേ പൊയീവ് തള്ളി. ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കാനഡയുടെ വികസനത്തിന് ഹിന്ദു സമൂഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.