
ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസില്‍ ക്വാഡ്രപ്പിള്‍ സ്‌കള്‍ റോവിംഗില്‍ വെങ്കല നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റിറിലൂടെയാണ് (എക്‌സ്) പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.
‘ഏഷ്യൻ ഗെയിംസില്‍ പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്‌കള്‍ റോവിംഗില്‍ ഇന്ത്യ അവിശ്വസനീയമായ നേട്ടം കൈവരിച്ചു. സത്‌നാം സിംഗ്, പര്‍മീന്ദര്‍ സിംഗ്, സുഖ്മീത്, ജക്കാര്‍ ഖാൻ എന്നിവര്‍ വെങ്കല മെഡല്‍ നേടി നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്‘ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ മെൻസ് ക്വാഡ്രപ്പിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് ഇന്ത്യൻ താരങ്ങള്‍ വെങ്കലം നേടിയത്. 6:10.81 സെക്കൻഡില്‍ ഫിനിഷ് ചെയ്തതാണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്. മെൻസ് ഫോര്‍ വിഭാഗത്തില്‍ ആശിഷ് കുമാര്‍, ഭീം സിംഗ്, ജസ്വീന്ദര്‍ സിംഗ്, പുനിത് കുമാര്‍ എന്നിവരടങ്ങുന്ന ടീമും വെങ്കലം നേടി. ചൈനയാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.