മഹാമാരി ; മുന്നറിയിപ്പുമായി ‘ബാറ്റ് വുമണ്‍’

വുഹാൻ: 2019ല്‍ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം എഴുപത് കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരണത്തിന് കീഴടങ്ങി.
എവിടെ നിന്നാണ് കൊവിഡ് ഉത്ഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഹ്വനാൻ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താൻ ചൈന അന്താരാഷ്ട്ര ഗവേഷകരോട് സഹകരിക്കുന്നില്ല. വൈറസ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്ന്നതാകമെന്നതടക്കമുള്ള ആരോപണങ്ങളും ചൈന നേരിടുന്നുണ്ട്.
കൊവിഡ് 19 ന് കാരണമായ സാര്‍സ് കോവ് -2 കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ ചൈന തയ്യാറാകണമെന്ന് കഴിഞ്ഞാഴ്ചയാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. കൊവിഡ് ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് വീണ്ടും വിദഗ്ദ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ സംഘടന തയാറാണെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ ചൈനയിലെ പ്രശസ്ത വൈറോളജിസ്റ്റ് ഷി ഷെങ്ലി ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണിപ്പോള്‍. കൊവിഡ് പൊലൊരു രോഗത്തെ നേരിടാൻ ലോകം സജ്ജമായിരിക്കണമെന്നാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഷി ഷെങ്ലിയും സഹപ്രവര്‍ത്തകരും നല്കുന്ന മുന്നറിയിപ്പ്.
ആരാണ് ഷി ഷെങ്ലി?
ചൈനയിലെ പ്രശസ്തരായ വൈറോളജിസ്റ്റുകളിലൊരാളാണ് ഷി ഷെങ്ലി. ‘ബാറ്റ് വുമണ്‍’ എന്നാണ് അവര്‍ അറിയപ്പെടുന്നത്. മൃഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയാണ് അവര്‍ പ്രശസ്തയായത്. ഇതിനുപിന്നാലെയാണ് ‘ബാറ്റ് വുമണ്‍'(bat woman) എന്ന വിളിപ്പേര് കിട്ടിയത്.
ഷി ഷെങ്ലി, തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അടുത്തിടെ തയ്യാറാക്കിയ ഒരു പഠന റിപ്പോര്‍ട്ടിലാണ് കൊവിഡ് 19 പോലുള്ള മറ്റൊരു രോഗത്തെ നേരിടാൻ ലോകം തയ്യാറായിരിക്കണമന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ഷിയും സംഘവും വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലും മറ്റും എത്തി സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചൈനയില്‍ സാര്‍സ് രോഗത്തിന് കാരണമായ വൈറസുകളെ വവ്വാലുകളില്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഈ വൈറസില്‍ നിന്ന് ഉരുത്തിരിഞ്ഞ് കൊറോണ വൈറസിനെയും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകത്തിന് മുന്നറിയിപ്പ്
കൊറോണ വൈറസ് 2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായി. ഇത് ലോകമെമ്ബാടുമുള്ള ആയിരക്കണക്കിനാളുകളെ ബാധിച്ചു. നിരവധി പേര് മരണത്തിന് കീഴടങ്ങി. കൊവിഡ് പോലെ തന്നെ ചൈനയിലെ ഹോംങ്കോംഗിനെയായിരുന്നു ഇത് പ്രധാനമായും ബാധിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം കൊവിഡ് വ്യാപിച്ചു.
ഷിയുടെ ടീം നടത്തിയ പഠനത്തില്‍ 40 കൊറോണ വൈറസ് സ്പീഷിസുകളുടെ അപകട സാദ്ധ്യത വിലയിരുത്തിയതായി ചൈനീസ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അവയില്‍ പകുതിയും വളരെ അപകട സാദ്ധ്യതയുള്ളതാണെന്ന് കണ്ടെത്തി. ഇതില്‍ ആറെണ്ണം ഇതിനോടകം തന്നെ മനുഷ്യരെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ജനസംഖ്യ, ജനിതക വൈവിദ്ധ്യം, വൈറസ് രോഗങ്ങള്‍, മൃഗങ്ങളില്ക്കൂടിയും മറ്റും പകരുന്ന മുൻകാല രോഗങ്ങളുടെ ചരിത്രം അടക്കം പഠനവിധേയമാക്കി. ഭാവിയില്‍ ഇത്തരത്തിലുള്ള ഒരു രോഗം ഉടലെടുക്കുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും നേരിടാൻ ലോകം സജ്ജമായിരിക്കണമെന്നുമാണ് ഗവേഷക സംഘത്തിന്റെ മുന്നറിയിപ്പ്.
ഈ പഠന റിപ്പോര്‍ട്ട് ജൂലായില്‍ ഇംഗ്ലീഷ് ഭാഷാ ജേര്‍ണലായ എമര്‍ജിംഗ് മൈക്രോബ്സ് & ഇൻഫെക്ഷനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ശ്രദ്ധ നേടുന്നത്.
അമേരിക്കയ്ക്ക് സംശയം
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ നിന്ന് വൈറസ് ചോര്‍ന്നതാണ് കൊവിഡിന് കാരണമെന്നാണ് അമേരിക്കയിലെ ചില രാഷ്ട്രീയക്കാരും മറ്റും ഇപ്പോഴും വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ അവിടത്തെ വൈറോളജിസ്റ്റായ ഷിയും സംശയനിഴലിലാണെന്നാണ് അവരുടെ അഭിപ്രായം.