IndiaLatest

ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ നാളുകള്‍ക്ക് വ്യാ‍ഴാ‍ഴ്ച തുടക്കം

“Manju”

ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. ആവേശനാളുകള്‍ നാളെ മുതല്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കാൻ പോവുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡും തമ്മിലാണ് ആദ്യമത്സരം. ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെയാണ് നേരിടുക.

2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യത്തെ ലോകകപ്പ്. ആവേശത്തോടെ ഇന്ത്യൻ താരങ്ങള്‍ അണിനിരക്കുമ്പോഴും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തത്തക്ക പ്രതിഭാ ശാലികളായ നിരവധി താരങ്ങള്‍ എതിര്‍ ടീമുകളിലുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ പ്രമുഖകര്‍ ഉള്‍പ്പെടെ 10 ടീമുകളാണ്‌ ലോകകപ്പിനായി പോരടിക്കുന്നത്‌. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ കപ്പ്‌ ആഗ്രഹിക്കുന്നവരില്‍ മുന്നിലുണ്ട്‌.

1983ലും 2011ലും ഇന്ത്യ ലോകകപ്പ്‌ നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ല്‍ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, നെതര്‍ലൻഡ്‌സ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകള്‍. ആദ്യത്തെ രണ്ട്‌ ലോകകപ്പ്‌ നേടിയ പ്രതാപികളായ വെസ്‌റ്റിൻഡീസ്‌ ഇല്ലാത്തതാണ്‌ ഈ ലോകകപ്പിന്റെ നഷ്‌ടം. എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ്‌ മത്സരക്രമം. ആദ്യ നാല്‌ സ്ഥാനക്കാര്‍ സെമിയിലെത്തും. ആകെ 48 കളികളാണ്‌. നവംബര്‍ 15ന്‌ മുംബൈയിലും 16ന്‌ കൊല്‍ക്കത്തയിലുമാണ്‌ സെമി. ഫൈനല്‍ നവംബര്‍ 19ന്‌ അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിലാണ്‌.

Related Articles

Back to top button