ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 74-ാം മെഡല്‍. വനിതകളുടെ ബോക്സിങ് 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്ലിന ബോര്ഗോഹെയ്ന് വെള്ളി നേടി. ഫൈനലില്‍ ചൈനീസ് താരം ക്വിയാന് ലിയോട് ലവ്ലിന പരാജയപ്പെടുകയായിരുന്നു. ഇതോടെ, 16 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 74 മെഡലുകളായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുകയാണ്.
സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ അഭയ് സിങ് – അനാഹത് സിങ് സഖ്യം ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. സെമിയില്‍ മലേഷ്യയുടെ ഐഫ അസ്മാന് ബിന്‍ടി – സയാഫിഖ് മുഹമ്മദ് കമാല്‍ സഖ്യത്തോടെ പരാജയപ്പെട്ടതോടെ (2-1) ഇന്ത്യന്‍ സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബോക്സിങ്ങില്‍ വനിതകളുടെ 57 കി.ഗ്രാം വിഭാഗത്തില്‍ പര്‍വീണ്‍ ഹൂഡയ്ക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയില്‍ ചൈനീസ് തായ്പേയ് താരം ടിങ് യു ലിന്നിനോട് പര്‍വീണ്‍ പരാജയപ്പെടുകയായിരുന്നു (5-0). ഏഴു പതിറ്റാണ്ടിനിടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണിത്. 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു.
അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. കൊറിയയുടെ സോ ചെവോണ്‍ – ജൂ ജഹൂണ്‍ സഖ്യത്തെ 159-158 എന്ന സ്കോറിന് മറികടന്നാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണമണിഞ്ഞത്. നേരത്തേ 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയിരുന്നു. രാം ബാബു – മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്