സന്ന്യാസദീക്ഷ ചടങ്ങുകള്‍ ആരംഭിച്ചു., 22 ബ്രഹ്മചാരിണികള്‍ സന്ന്യാസത്തിലേക്ക്
അനുമോദന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, എം.പി. മാരായ അടൂര്‍ പ്രകാശ്, എ.എ. റഹീം, എം.എല്‍.എ.മാരായ ഡി.കെ. മുരളി, എ. വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും.

പോത്തന്‍കോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് സന്ന്യാസദീക്ഷാ വാര്‍ഷികതോടനുബന്ധിച്ചുള്ള സന്ന്യാസ ദീക്ഷാ ചടങ്ങുകള്‍ ആരംഭിച്ചു. ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രകരുണാകരഗുരു സന്ന്യാസദീക്ഷ നല്‍കിയതിന്റെ വാര്‍ഷികമാണ് ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് നടക്കുന്നത്. പുതിയതായി ആശ്രമത്തില്‍ ബ്രഹ്മചാരിണിമാരായി നിന്നു വന്നിരുന്ന 22 മഹിളകള്‍ ഇന്ന് സന്ന്യാസത്തിന്റെ പാതയിലേക്ക് പ്രവേശിക്കും.
മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷ വാര്‍ഷികദിനമായ ഇന്ന് (ഒക്ടോബര്‍ 24 ചൊവ്വാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ കൂടി സന്ന്യാസം സ്വീകരിക്കുന്ന 22 പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയറിയിച്ചു. ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നും നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സുപ്രധാന സംഭവമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
രാവിലെ 9 മണിക്ക് സഹകരണമന്ദിരത്തിൽ വെച്ച് ആരംഭിച്ച ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗുരുഭക്തരോട് സംസാരിച്ചു. തുടര്‍ന്ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയേയും സന്ന്യാസത്തിലേക്ക് കടക്കുന്നവരേയും സന്ന്യാസത്തിന്റെ മഹത്വവും, പാലിക്കേണ്ട ചിട്ടകളും നിര്‍ദ്ദേശങ്ങളും നല്‍കി സംസാരിച്ചു. തുടര്‍ന്ന് ശിഷ്യപൂജിതയില്‍ നിന്നും സന്ന്യാസം ഏറ്റുവാങ്ങുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയില്‍ നിന്നും ബ്രഹ്മചാരിണികളായ ഡോ. റോസി നന്ദി, ശാലിനി പ്രുതി, ഗുരുചന്ദ്രിക.വി, വന്ദിത സിദ്ധാര്‍ത്ഥന്‍, വന്ദിത ബാബു, ഡോ.നീതു.പി.സി, വത്സല.കെ.വി, ജയപ്രിയ.പി.വി, ലിംഷ.കെ, സുകൃത.എ, പ്രസന്ന. വി, കൃഷ്ണപ്രിയ.എ.എസ്, കരുണ.എസ്.എസ്, ആനന്ദവല്ലി.ബി.എം, സ്വയം പ്രഭ. ബി.എസ്, കരുണ.പി.കെ, മംഗളവല്ലി.സി.ബി, പ്രിയംവദ. ആര്‍.എസ്, ഷൈബി.എ.എന്‍, സജിത.പി.എസ്, അനിത.എസ്, രജനി. ആര്‍.എസ് എന്നിവര്‍ക്ക് ദീക്ഷ ഏറ്റുവാങ്ങുന്നതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.
9.30 ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങുകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി എത്തിച്ചേരും. ഉച്ചയ്ക്ക് 12.30 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6മണിയ്ക്ക് ദീപപ്രദക്ഷിണത്തോടു കൂടി ഈ വര്‍ഷത്തേ മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷ വാര്‍ഷികത്തിന് സമാപനമാകും.
സന്ന്യാസ ദീക്ഷ സ്വീകരിക്കുന്നവര്‍ :
-
ബ്രഹ്മചാരിണി അനിത എസ് : തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയില്‍ സത്യവ്രതന്റെയും സുഗന്ധിയുടെയും മകളായി 1980ല്‍ ജനനം. കുട്ടിക്കാലം മുതല്‍ ആശ്രമത്തില്‍ വരാറുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒരു ദിവസം ആശ്രമത്തിലെത്തിയപ്പോള്‍ ഒരു വല്ലാത്ത പനി വന്നു. ശരീരം വേറൊരു അവസ്ഥയിലേക്ക് പോകുന്നതു പോലെ തോന്നി. അനിതയെ ഇവിടെ നിര്‍ത്തിയിട്ട് പോകാന്‍ ഗുരു നിര്‍ദേശിച്ചു. അമ്മ അതനുസരിച്ചു. രണ്ട് ദിവസം കൊണ്ട് പനി മാറി. ഇനി വീട്ടിലേക്ക് പോയാല്‍ ശരിയാകില്ല എന്ന് അമ്മയ്ക്ക് ബോധ്യമായി. അന്നു മുതല്‍ ഗുരുവിന്റെ കരുതലിലാണ് അനിതയുടെ ജീവിതം. 2009ല്‍ ബ്രഹ്മചാരിണിയായി .
-
ബ്രഹ്മചാരിണി ആനന്ദവല്ലി ബി.എം. : എറണാകുളം ജില്ലയില്‍ ചേര്‍ത്തല വയലാറില്‍ പരേതനായ പത്മനാഭന്റെയും ഭവാനിയുടെയും മകളായി 1965 ല്‍ ജനനം. 1995ല്‍ ആദ്യമായി ആശ്രമത്തിലെത്തി. ആശ്രമത്തില്‍ വരാനുണ്ടായ പ്രധാന കാരണം ആനന്ദവല്ലിക്കുണ്ടായ ഒരു അസുഖമായിരുന്നു. ശരീരത്തില്‍ രക്തമില്ലാതാവുന്ന ഒരവസ്ഥയായിരുന്നു. പല ഡോക്ടര്‍മാരെ കാണിച്ചിട്ടും അസുഖത്തിന് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല . ഗുരു നിര്‍ദ്ദേശ പ്രകാരം ചികിത്സ എടുത്തപ്പോള്‍ രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടു. ഖാദി ബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമത്തിലെ അന്തേവാസിയായി. 2009ല്‍ ബ്രഹ്മചാരിണിയായി.
-
ബ്രഹ്മചാരിണി ഗുരുചന്ദ്രിക വി. : ന്യൂഡല്‍ഹി രോഹിണിയില്‍ വേണുഗോപാലന്‍ നായരുടെയും ശാന്തമ്മയുടെയും മകളായി 1988ല്‍ ജനനം. പത്ത് വയസ്സുളളപ്പോഴാണ് ആദ്യമായി ആശ്രമത്തില്‍ എത്തുന്നത്. അന്ന് സന്ന്യാസദീക്ഷ വാര്‍ഷികദിനമായിരുന്നു. ഗുരുവിനെ കണ്ടതും വല്ലാത്തൊരു അടുപ്പം തോന്നി. അവധി കിട്ടുമ്പോഴൊക്കെ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ കാണാന്‍ ഡല്‍ഹിയില്‍ നിന്നും കേന്ദ്രാശ്രമത്തില്‍ എത്തുന്നത് പതിവായി. പഠനകാലത്തും ഡല്‍ഹിയില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എക്സാ ഇന്ത്യ എന്ന കമ്പനിയില്‍ ഡെപ്യൂട്ടി മാനേജരായിരിക്കെ 2018ല്‍ ബ്രഹ്മചാരിണിയായി. 2020 മുതല്‍ ഡല്‍ഹി സാകേത് ബ്രാഞ്ചാശ്രമത്തില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങി. 2022 മുതല്‍ പോത്തന്‍കോട് കേന്ദ്രാശ്രമത്തില്‍ നില്‍ക്കാന്‍ ഗുരുനിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൌണ്ടന്റ് കൂടിയായ ഗുരുചന്ദ്രിക.വി ആശ്രമം ഫിനാന്‍സ് കണ്‍ട്രോളറായി ചുമതലയേറ്റു പ്രവര്‍ത്തിച്ചു വരുന്നു.
-
ബ്രഹ്മചാരിണി ജയപ്രിയ പി.വി. : എറണാകുളം പള്ളുരുത്തി വിശുദ്ധം ഭവനത്തില്‍ ദിവംഗതനായ വിജയന്റേയും ഉഷയുടേയും മകളായി 1980 ല്‍ ജനനം. പിതാവിന് സീഫുഡ് ബിസിനസ്സ് ആയിരുന്നു. സഹോദരി ജയപ്രഭ, സഹോദരന്‍ ജയദീപക്.ബിസിനസ് കുറവായതിനെ തുടര്‍ന്ന് എറണാകുളത്തുള്ള ഒരുജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം 1999 മെയ് 4 ല്‍ പിതാവ് ആദ്യമായി ആശ്രമത്തില്‍ എത്തി. 2000 ല്‍ ചന്ദിരൂരില്‍ വച്ച് ആദ്യമായി ശിഷ്യപൂജിതയെ കാണുവാനുള്ള ഭാഗ്യം ലഭിച്ചു. 2003 ഫെബ്രുവരിയില്‍ ശിഷ്യപൂജിത വീട്ടില്‍ പോവുകയുണ്ടായി. ബി എസ് സി മെഡിക്കല്‍ മൈക്രോബയോളജി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയപ്രിയ കുറച്ചു കാലം എറണാകുളം ഡി. ഡി. ആര്‍. സി. യില്‍ മൈക്രോബയോളജിസ്റ്റ് ആയി ജോലി നോക്കവെ ഗുരുനിര്‍ദ്ദേശപ്രകാരം നവംബര്‍ മുതല്‍ എറണാകുളം ആശ്രമത്തിലെ ഹോസ്റ്റലിന്റെ ചാര്‍ജ്ജ് ലഭിച്ചു. സന്ന്യാസ ജീവിതത്തിനോട് അപ്പോഴുംഉള്ളില്‍ ആഗ്രഹം ഉണ്ടെങ്കിലും ആരെയും അറിയിക്കാന്‍ തയ്യാറായിരുന്നില്ല. എറണാകുളം ആശ്രമം കാര്യദര്‍ശിയായ സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വിയുുടെ കീഴില്‍ ഉള്ള എറണാകുളത്തെ ജീവിതം ജയപ്രിയയില്‍ സന്ന്യാസ ജീവിതം സ്വീകരിക്കുവാനുള്ള വലിയ സ്വാധീനം ഉണ്ടാക്കി. ഒരുദിവസം ശിഷ്യപൂജിത ജയപ്രിയയുടെ പിതാവിനെ ആശ്രമത്തിലേക്കു വിളിപ്പിച്ച് ‘അവളെ ഞാന്‍ ഇങ്ങോട്ട് എടുക്കുകയാണ് മാമന് കുഴപ്പമുണ്ടോ‘ എന്ന് ചോദിച്ചു. അവര്‍ക്കാര്‍ക്കും അതില്‍ വിരോധം ഉണ്ടായിരുന്നില്ല. അങ്ങനെ ജയപ്രിയ ഗുരുവിന്റേതായി മാറുകയായിരുന്നു. കാലങ്ങളായി തന്റെ മനസ്സില്‍ ഇങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെങ്കിലും ആശ്രമജീവിതത്തിന്റെ നല്ല പരിചയങ്ങള്‍ ഉള്ളില്‍ ഉറങ്ങിക്കിടന്ന് തന്റെ മോഹം ബ്രഹ്മചാരിണി ദീക്ഷയോടു കൂടി നിവര്‍ത്തിക്കപ്പെടുകയാണ് ഉമ്ടായത് അതില്‍ ജയപ്രിയ സന്തോഷവതിയായിരുന്ന. 2013 ല്‍ തിരുവനന്തപുരം ആശ്രമത്തില്‍ സ്ഥിരമായി നില്‍ക്കാന്‍ അനുവാദം ലഭിച്ച ജയപ്രിയക്ക് 2016 ല്‍ ബ്രഹ്മചര്യ ദീക്ഷ ലഭിക്കുന്നു.
-
ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്. : എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ കുരീക്കാട് സ്‌നേഹനഗറില്‍ കരുണപുഷ്പം എന്ന വീട്ടില്‍ ഷൈന്‍ എ എന്‍ ന്റേയും സുമിത പി ശ്രീധറിന്റെയും മകളായി 1998 ല്‍ ജനനം.എറണാകുളം കൊളിന്‍ റിഫൈനറി സ്കൂള്‍, കളമശ്ശേരി എസ് സി എം എസ് കോളേജ്, പാല കുമ്പിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിലായി പി.ജി.വരെയുള്ള പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ബ്രഹ്മചാരിണിയായി ആശ്രമത്തില്‍ താമസിക്കുന്നു. 2022 ലാണ് ബ്രഹ്മചാരിണി ദീക്ഷ ലഭിക്കുന്നത്. കൃഷ്ണപ്രിയയുടെ മാമനായ ശ്രീ സുരേഷ് കൃഷ്ണനാണ് ഇവരെ 2001 ല്‍ ആശ്രമത്തിലെത്തിച്ചത്. ഗുരുവിന്റെ ആ സന്ദര്‍ശനം കൃഷ്ണപ്രിയയുടെ കുടുംബത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. ഞാന്‍ അല്ലെങ്കില്‍ എന്നിലൂടെ ഒരു കുഞ്ഞു ഗുരുവിന്റേതാകണം എന്ന ചിന്ത കൃഷ്ണപ്രിയയില്‍ ഉണ്ടായതിന്റെ മൂന്നാം ദിവസം കൃഷ്ണപ്രിയയെ ഗുരു ആശ്രമത്തില്‍ വിളിച്ച് ബ്രഹ്മചാരിണി ദീക്ഷയുടെ കാര്യം നേരിട്ടറിയിച്ചു. ഞാന്‍ ചിന്തിക്കുന്നത് ഗുരു അറിയുന്നുണ്ട് എന്ന അനുഭവ സത്യം കൃഷ്ണപ്രിയ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
-
ബ്രഹ്മചാരിണി കരുണ പി.കെ. : മലപ്പുറം ജില്ലയിലെ പനമ്പാട എന്ന സ്ഥലത്തുള്ള പനമ്പാട്ടില്‍ ഭവനത്തില്‍ ശ്രീ ബാലകൃഷ്ണന്റേയും ശ്രീമതി സബി ബാലകൃഷ്ണന്റേയും മകളായി 2001 ല്‍ ജനിച്ചു. മലപ്പുറത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക് ചെയ്തിരുന്ന പിതാവ് ബാലകൃഷ്ണന്റെ സുഹൃത്തിന്റെ കൂടെയാണ് ഇവര്‍ 2004ല്‍ ആദ്യമായി ആശ്രമത്തില്‍ വരുന്നത്. ഗുരുവിനെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ഗുരു വളരെ പരിചയഭാവത്തില്‍ ‘ആ വന്നോ‘ എന്നു ചോദിച്ചു. മൂന്ന് വയസുള്ള സമയം കുഞ്ഞിന് പേരിടുന്ന കാര്യം ചോദിച്ചപ്പോള്‍ ‘ദൈവത്തിന്റെ നാമമാണ് മഹിമപ്പെടുത്തണം‘ എന്നു പറഞ്ഞു ‘കരുണ‘ എന്ന പേര് നല്കി. കുഞ്ഞിന് ആശ്രമത്തില്‍ നില്ക്കണം എന്ന ആഗ്രഹത്താല്‍ ഇവിടെ നില്ക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ സമയമായിട്ടില്ല ഒരു വര്‍ഷം കഴിയട്ടെ എന്നു പറഞ്ഞു. 2008 ല്‍ ഗുരുവിന്റെ അനുവാദത്തോടെ കരുണയെ ശാന്തിഗിരി വിദ്യാഭവനില്‍ 1 ാം ക്ലാസില്‍ ചേര്‍ത്തു ആശ്രമത്തിന്റെ ഹോസ്റ്റലില്‍ നിര്‍ത്തി. ഗുരുവിന്റെ അടുത്ത് ഇടപഴകുവാനും ആശ്രമകര്‍മ്മങ്ങളില്‍ ഇടപെട്ടു നിന്നിരുന്ന കരുണയുടെ മനസില്‍ ഗുരുപറയുന്നത് അനുസരിക്കണം എന്നുള്ള തീരുമാനമുണ്ടായി. ഒരിക്കല്‍ ശിഷ്യപൂജിത ഒരു മുത്തു മാല നല്‍കി. ഇവിടെ നിന്നു തന്നെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബി .എസ്. എം. എസ്. രണ്ടാം വര്‍ഷം പഠിക്കുന്നു. മാതാപിതാക്കളും ഗുരുനിര്‍ദ്ദേശം ശിരസാവഹിച്ചു ആശ്രമത്തിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ കര്‍മ്മം ചെയ്തു വരുന്നു. 2022 ഒക്‌ടോബര്‍ 5 ന് ബ്രഹ്മചര്യ ദീക്ഷ ലഭിച്ചു.
-
ബ്രഹ്മചാരിണി കരുണ എസ്.എസ്. : പോത്തന്‍കോട് കാഞ്ഞാംപാറ, ഗുരുധര്‍മ്മത്തില്‍ ശ്രീ വി സതീശന്റേയും ശ്രീമതി സുഹാസിനി ഡി യുടെയും മകളായി 1997 ല്‍ ജനിച്ചു.1980 ല്‍ കരുണയുടെ അച്ഛന്‍ ആശ്രമത്തില്‍ എത്തുന്നു പിന്നീട് 1987 ല്‍ ആണ് അമ്മയും കുടുംബവും ആശ്രമത്തില്‍ എത്തിച്ചേരുന്നത്. അച്ഛന്റേയും അമ്മയുടേയും വിവാഹം 1995 ല്‍ ഗുരുവാണ് നടത്തിയത്. കരുണയ്ക്ക് 16 വയസ്സുള്ളപ്പോള്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറഞ്ഞുപോകുന്ന ഒരസുഖം വരികയും അത് വളരെ ക്രിട്ടിക്കല്‍ സ്റ്റേജിലേക്ക് പോവുകയമുണ്ടായി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ ഗുരുവിനെ അറിയിക്കുകയും ഗുരുപറയുന്ന മരുന്നു കഴിക്കുകയും ആശ്രമത്തിലെ സന്ന്യാസിമാരുടേയും പരമ്പരയുടേയും പ്രാര്‍ത്ഥനയുടെയും ഫലമായി കരുണ അതില്‍ നിന്നും രക്ഷപ്രാപിക്കുകയും ചെയ്തു. ഇത് ആ കുഞ്ഞിന്റെ രണ്ടാം ജന്മമായി അവരതിനെ കാണുന്നു. ഗുരു പറയുന്നതെന്തോ അതാണ് തന്റെ ജീവിതം എന്ന ചിന്തയില്‍ ജീവിക്കുവാന്‍ നാളിതു വരെ കരുണയ്ക്കു സാധിച്ചിട്ടുണ്ട്. പഠനകാര്യത്തിനായി വിദ്യാലയങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും എല്ലാം ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം മുന്നോട്ടു പോകുവാന്‍ കരുണ ശ്രദ്ധിച്ചിരുന്നു.ഇംഗ്ലീഷില്‍ബിരുദാനന്തര ബിരുദവും നെറ്റും നേടിയിട്ടുള്ള കരുണ ഇപ്പോള്‍ ബി.എഡ്.ന് പഠിച്ചുകൊണ്ടിരിക്കുന്നു. 2022 ഒക്‌ടോബര്‍ 5 ന് ബ്രഹ്മചര്യ ദീക്ഷ ലഭിച്ചു.
-
ബ്രഹ്മചാരിണി ലിംഷ കെ : കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി കാവിലേരി ഭവനത്തില്‍ ദിവംഗതനായ കെ. ശ്രീധരന്റേയും രോഹിണിയുടേയും മകളായി 1988ല്‍ ജനിച്ചു. ഗുരുധര്‍മ്മപ്രകാശ സഭാ അംഗവും ഫിനാന്‍സ് സെക്രട്ടറിയുമായ നിര്‍മലാ ജനനിയുടെ കുടുംബാംഗമാണ്. നിര്‍മ്മലാ ജനനിയുടെ അമ്മയിലൂടെയാണ് ഗുരുവിനെ ആദ്യമായി അറിയുന്നത്. പിതാവിന് ആശ്രമനല്‍ പോകുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്മയുടെ ദേഹത്തിന് ഒരു വയ്യായ്ക വരികയും നാട്ടില്‍ അത് ചികിത്സിച്ച് മാറ്റുവാന്‍ കഴിയാതെ വന്നപ്പോള്‍ അവസാനം ഗുരുവിന്റെ അരികില്‍ അച്ഛന്‍ തന്നെ അമ്മയെ കൊണ്ടു വരികയും ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിച്ച് രോഗം ഭേദപ്പെടുകയും ചെയ്തു. ഇതിനു ശേഷമാണ് അച്ഛന്‍ ആശ്രമവുമായി അടുത്തത്. ഈ സമയം (1988) ലിംഷക്ക് 5 വയസ്സായിരുന്നു. . ബികോം ബിരുദധാരിയായ ലിംഷയ്ക്ക് വളരെ ചെറുപ്പത്തിലെ തന്നെ വിവാഹജീവിതത്തോട് താല്പര്യമില്ലായിരുന്നു. ആശ്രമത്തില്‍ വന്നാല്‍ തിരികെ പോകുവാന്‍ താല്പര്യംകാണിച്ചിരുന്നില്ല. പ്രാര്‍ത്ഥനക്കാരുടെ കൂടെ രണ്ടാമത്തെ പ്രാവശ്യം വന്നപ്പോള്‍ ആശ്രമത്തില്‍ നില്‍ക്കണമെന്ന് ഗുരുനിര്‍ദ്ദേശമുണ്ടായി. അതുവരെയും വീട്ടില്‍നിന്നും മാറിനിന്നിട്ടില്ലാത്ത ലിംഷക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല എതിര്‍പ്പൊന്നും പറയാതെ ലിംഷ അന്നുമുതല്‍ ആശ്രമത്തില്‍ സ്ഥിരതാമസമാക്കി. അങ്ങിനെ 2003 ല്‍ ആശ്രമജീവിതത്തിനു തുടക്കമായി. ഗുരു എന്തു പറയുന്നോ അതാണെന്റെ ജീവിതം എന്ന് നിശ്ചയിച്ചുറച്ച ലിംഷയുടെ ഉള്ളിലുള്ള ആഗ്രഹങ്ങള്‍ ഗുരു കണ്ടറിഞ്ഞു നിവര്‍ത്തിക്കപ്പെടുകയാണ് ഇവിടെ. 2009 ല്‍ ബ്രഹ്മചര്യ ദീക്ഷ ലഭിച്ചു.
-
ബ്രഹ്മചാരിണി മംഗളവല്ലി സി.ബി : തിരുവനന്തപുരം ജില്ലയില്‍ ആനന്ദപുരം ഗുരുദാനത്തില്‍ ഭാസ്‌കരന്റേയും ചന്ദ്രമതിയുടേയും മകളായ മംഗളവല്ലി 1984 ല്‍ ജനനം.തങ്ങള്‍ ജോലി ചെയ്തിരുന്ന കടയുടെ ഉടമസ്ഥയായ രാജാക്കാട് അമ്മ പറഞ്ഞിട്ടാണ് അവര്‍ ആശ്രമത്തില്‍ എത്തുന്നത്. വയനാടില്‍ 7 ക്ലാസില്‍ പഠിച്ചിരുന്ന സമയം ഗുരുവിന്റെ പാലക്കാട് യാത്രയില്‍ അവിടെ വച്ചാണ് അച്ഛനും ആദ്യമായി ഗുരുവിനെ കാണാന്‍ ചെല്ലുന്നത്. ഗുരുവിനോട് ആശ്രമത്തില്‍ നില്‍ക്കുവാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു അനുവാദം നല്‍കുകയുണ്ടയി. അങ്ങനെയാണ് മംഗളവല്ലിയുടെ ആശ്രമജീവിതം ആരംഭിക്കുന്നത്. എന്നാല്‍ മൂന്നുമാസം ഇടവിട്ട് ഇടവിട്ട് ആശ്രമവും വീടുമായി മാറിമാറി താമസിക്കുവാന്‍ ഗുരു നിര്‍ദ്ദേശിച്ചു. ആദ്യത്തെ മൂന്നുമാസത്തിനു ശേഷം വീട്ടില്‍ പോകുവാന്‍ ഗുരുവിനോട് അനുവാദം ചോദിച്ചപ്പോള്‍ മോള്‍ക്ക് വീട്ടില്‍ പോകണോ എന്ന് ഗുരു ചോദിക്കുകയും പോകേണ്ട എന്ന് മംഗളവല്ലിയുടെ ഇഷ്ടം പറഞ്ഞപ്പോള്‍ എങ്കില്‍ ഇവിടെ നില്‍ക്കട്ടെ എന്ന് അച്ഛനോട് ഗുരു പറയുകയും ചെയ്തു. 1996 മുതലാണ് മംഗളവല്ലി ഇവിടെ സ്ഥിരമായി നില്‍ക്കാന്‍ ആരംഭിച്ചത്. ആശ്രമത്തില്‍ നില്‍ക്കാന്‍ തുടങ്ങിയ സമയം ഗുരുവിന്റെ അനുവാദപ്രകാരം തറിയില്‍ പോവുകയും ചെറിയ സമയം കൊണ്ടു തന്നെ തുണികള്‍ നെയ്യാനുള്ള പ്രാവീണ്യം നേടിയെടുക്കുകയും ചെയ്തു. താന്‍ ആദ്യമായി നെയ്ത കൊച്ചു തോര്‍ത്തുമായി ഗുരുവിനരുകില്‍ പോയപ്പോള്‍ ഗുരു നര്‍മരസം തൂകികൊണ്ട് ‘ഇത് എനിക്ക് ഉടുക്കാനും പറ്റില്ല പുതയ്ക്കാനും പറ്റില്ല.. നീ വേറെയൊന്നു വലുതായി നെയ്തുകൊണ്ടുവരു‘വാന്‍ ബ്രഹ്മചാരിണിയോട് പറഞ്ഞു. ഇത് അവരുടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായി മംഗളവല്ലി ഇന്നും സൂക്ഷിക്കുന്നു. മംഗളവല്ലിക്ക് ഈ സമയം 12 വയസായിരുന്നു പ്രായം. ഗുരുവിന്റെ അടുക്കളയിലും കൈത്തറിയിലും ഒരുപോലെ സേവനം അനുഷ്ടിച്ചു വരുന്നു. ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഗുരുവാക്ക് ഇപ്പോഴും ശിരസിലേറ്റി മംഗളവല്ലി പ്രാര്‍ത്ഥിക്കുകയാണ്. 2009 ല്‍ ബ്രഹ്മചര്യ ദീക്ഷ ലഭിച്ചു.
-
ബ്രഹ്മചാരിണി ഡോ. നീതു പി.സി. : കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി മേലൂരില്‍ ടി.പി പ്രേമലതയുടെയും ടി.പി. ചന്ദ്രന്റെയും മകളായി 1990ല്‍ ജനനം. 1992ല്‍ കുടുംബത്തോടൊപ്പമുളള ഒരു യാത്രയ്ക്കിടെ ആദ്യമായി ശാന്തിഗിരി ആശ്രമത്തിലെത്തി. അന്നു മുതല്‍ ഗുരുവാക്ക് അനുസരിച്ച് ജീവിക്കുന്നു. 2013ല്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നിന്നും സിദ്ധ മെഡിസിനില്‍ ബിരുദം നേടി. നിലവില്‍ ശാന്തിഗിരി മെഡിക്കല്‍ സര്‍വീസില്‍ കോയമ്പത്തുര്‍ ബ്രാഞ്ചില്‍ മെഡിക്കല്‍ ഓഫീസറായി സേവനം. 2022ല്‍ ബ്രഹ്മചാരിണിയായി.
-
ബ്രഹ്മചാരിണി പ്രസന്ന സി.വി. : ചേര്‍ത്തല ചന്ദിരൂരില്‍ ദിവംഗതനായ വെളുത്തയുടേയും കറുമ്പിയുടേയും മകളായി കരുണമന്ദിരത്തില്‍ 1976 ല്‍ ജനനം.ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രസന്ന സി വി അച്ഛന്റെയും അമ്മയുടെയും കൂടെ 1985 ല്‍ ആശ്രമത്തിലെത്തുന്നത്. ഗുരുധര്‍മ്മ പ്രകാശസഭാ അംഗമായ സമാദരണീയ സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി സഹോദരനാണ്. അമ്മയുടെ അസുഖം നിമിത്തമാണ് ആശ്രമത്തില്‍ എത്തുന്നത്. ഗുരുവാക്കനുസരിച്ച് മരുന്നുകഴിച്ചതിനാലും. പ്രാര്‍ത്ഥിച്ചതിനാലും അത് മാറുകയുണ്ടായി. 1994 മുതല്‍ ആശ്രമത്തില്‍ നില്‍ക്കുന്നു. ശാന്തിഗിരി മുദ്രണാലയത്തില്‍ കര്‍മ്മം ചെയ്തു വരുന്നു. ചെറുപ്പം മുതലേ ആശ്രമത്തില്‍ നില്‍ക്കാനും ഗുരുവിന്റെ കാര്യങ്ങള്‍ ചെയ്യാനും താല്പര്യമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ബ്രഹ്മചാരിണിയായി. 2022 ഒക്‌ടോബര്‍ 5 നി ബ്രഹ്മചാരിണി ദീക്ഷ സ്വീകരിച്ചു.
-
ബ്രഹ്മചാരിണി ഡോ. റോസി നന്ദി : ബാംഗ്ലൂരില്‍ കെ. ആര്‍. പുരത്ത് ജി.സി.നന്ദിയുടെയും ആരതി റാസിയുടെയും മകളായി 1982ല്‍ ജനനം. ഒരുപാട് വേദനകളും യാതനകളും അനുഭവിച്ച കുടുംബമാണ് റോസി നന്ദിയുടേത്. ബംഗ്ലാദേശിലായിരുന്നു ആദ്യം താമസിച്ചത്. അവിടെ യുദ്ധം ആരംഭിച്ച സമയത്ത് ബാംഗ്ലൂരിലേക്ക് താമസം മാറേണ്ടി വന്നു. 1998ല്‍ ശാന്തിഗിരി ആശ്രമത്തിലെത്തി. കുടുംബത്തിന്റെ ദുരിതങ്ങളും കഷ്ടപ്പാടുകളും ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. ആയൂര്‍വേദത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടാനായി. ഇപ്പോള്‍ കര്‍ണ്ണാടക എസ്.ഡി.എം കോളേജില്‍ പഞ്ചകര്‍മ്മ വിഭാഗത്തില്‍ അവസാന വര്‍ഷ പി.എച്ച്.ഡി ചെയ്യുന്നു. ഗുരുവിന്റെ ചിട്ടയില്‍ ജീവിച്ച് 2010ല്‍ ബ്രഹ്മചാരിണിയായി. വരുന്ന വിജയദശമി ദിനത്തില്‍ ഗുരുധര്‍മ്മപ്രകാശസഭയിലേക്ക്.
-
ബ്രഹ്മചാരിണി രജനി ആര്‍.എസ്. : ചേര്‍ത്തല ഉളവൈപ്പില്‍ മൂവേലി ഭവനത്തില്‍ വീട്ടില്‍ ഗോപാലന്‍ എം. കെ – ശാന്ത വി. എസ് ദമ്പതികളുടെ മകളായി 1973 ല്‍ രജനി ജനിച്ചു. ശാന്തിഗിരി ആയുര്‍വ്വേദ & സിദ്ധ വൈദ്യശാലയ്ല്‍ കര്‍മ്മം ചെയ്യുന്ന ശ്രീ. രാജീവ്, ഗുരുവിന്റെ ജന്മഗൃഹത്തില്‍ സേവനമനുഷ്ഠിച്ചു വരുന്ന ശ്രീമതി. രാജേന്ദ്രി (ജന്മഗൃഹം, ചന്ദിരൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. ചിറ്റേക്കാട്ട് രാജന്റെ കുടുംബം (അപ്പച്ചിയുടെ ഭര്‍ത്താവ്) പറഞ്ഞറിഞ്ഞാണ് 1977 ല്‍ ആദ്യമായി കുടുംബസമേതം ഗുരുവിന്റെ അടുത്ത് എത്തുന്നത്. 1995മുതല്‍ രജനി ആശ്രമത്തില്‍ സ്ഥിരമായി നില്‍ക്കുവാന്‍ ആരംഭിച്ചു. അന്നു മുതല്‍ ഗുരുനിര്‍ദ്ദേശപ്രകാരം 27 വര്‍ഷമായിആശ്രമത്തിന്റെ വിവിധ യൂണിറ്റുകളില്‍ കര്‍മ്മം ചെയ്തു വരികയാണ്. കടുത്ത ശ്വാസം മുട്ടല്‍ കൊണ്ട് ചെറുപ്രായം മുതല്‍ രജനി കഷ്ടപ്പെടുകയായിരുന്നു. ശിഷ്യപൂജിതയുടെ നിര്‍ദ്ദേശത്താല്‍ തുടര്‍ച്ചയായി 5 വര്‍ഷം വീട്ടില്‍ പോകാതെ, ഗുരുവിന്റെ ഭസ്മവും തീര്‍ത്ഥവും ഉള്ളില്‍ കഴിക്കുകയും, ഗുരുവിന്റെ വസ്ത്രം കഴുകുക തുടങ്ങിയ കര്‍മ്മങ്ങളില്‍ രോഗാവസ്ഥ കൂട്ടാക്കാതെ വ്യാപൃതയാവുകയും ചെയ്തതിനു പിന്നാലെയാണ് ഈ രോഗാവസ്ഥ പൂര്‍ണ്ണമായി വിട്ടുമാറിയത്. രോഗാവസ്ഥയുടെ മൂര്‍ച്ഛയില്‍ പലപ്പോഴും ജീവന്‍വിട്ടുപോകുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും താന്‍ തന്റെ സന്ന്യസിക്കാനുള്ള ആഗ്രഹം ഗുരുവിനെ അറിയിച്ചിട്ടുണ്ടായിരുന്നു. 2022 ല്‍ ഒക്‌ടോബര്‍ 5 ന് ബ്രഹ്മചര്യ ദീക്ഷ ലഭിച്ചു. ഗുരുധര്‍മ്മ പ്രകാശസഭാ അംഗങ്ങളായ സര്‍വ്വാദരണീയ സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വിയും, സമാദരണീയ സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വിയും കുടുംബാഗങ്ങളാണ്.
-
ബ്രഹ്മചാരിണി പ്രിയംവദ ആര്‍.എസ്. : ഇടുക്കി വെള്ളത്തൂവല്‍ നാട്ടാഴിയില്‍ പരേതനായ ബി രാജന്റെയും സുമ എന്‍ ന്റെയും മകളായി 1987 ല്‍ ജനനം. കുട്ടിക്കാലത്ത് പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 1988 മുതല്‍ ആശ്രമത്തിന്റെ അടുത്തേക്ക് താമസം മാറി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രിയംവദയ്ക്ക് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശാന്തിഗിരി മുദ്രണായലത്തില്‍ കര്‍മ്മം ചെയ്യാന്‍ അവസരം ലഭിച്ചു. 2011ല്‍ അച്ഛന്‍ രോഗശയ്യയിലായിരുന്നപ്പോള്‍ അച്ഛനോട് താന്‍ എന്തായിത്തീരണം എന്ന് ചോദിക്കുവാന്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിത അറിയിച്ചു. അച്ഛനോട് ചോദിച്ചപ്പോള്‍ “ഗുരുവിന്റെ കഞ്ഞു മോളായി ലോകനന്മയ്ക്കുതകത്തക്ക രീതിയില്‍ ജീവിക്കണം” എന്ന് പറഞ്ഞു. ആ വാക്ക് ശിരസ്സാവഹിച്ച് 2011 ല്‍ ബ്രഹ്മചാരിണിയായി.
-
ബ്രഹ്മചാരിണി സജിത പി.എസ്. : എറണാകുളം ജില്ലയില്‍ കുമ്പളങ്ങി സൌത്തില്‍ ശ്യാമളന്‍.വി. ആര്‍ ന്റെയും ഇന്ദിര.പി യുടെയും മകളായി 1984ല്‍ ജനനം. 1989 മാർച്ചിലാണ് ആദ്യമായി ആശ്രമത്തിലെത്തുന്നത്. അച്ഛന്റെ രോഗം മാറുവാനാണ് ഗുരുവിന്റെയടുത്ത് വന്നത്. അച്ഛൻ ഇപ്പോള്‍ ഗുരുവിന്റെ ജന്മഗൃഹത്തിൽ കർമ്മം ചെയ്യുന്നു. ചെറുപ്പത്തില്‍ സജിതയ്ക്കും ഒരു രോഗം വന്നു. അത് ഭേദമായതും ഗുരുനിര്‍ദേശപ്രകാരം മരുന്ന് കഴിച്ചതിലൂടെയാണ്. 2007 മുതല്‍ ആശ്രമത്തില്‍ സ്ഥിരമായി വന്നു നില്‍ക്കാന്‍ തുടങ്ങി. 2011ല്‍ ദീക്ഷ സമയത്ത് ജീവിതത്തിന്റെ തീര്‍പ്പെടുക്കണം എന്ന് ഗുരുനിര്‍ദേശമുണ്ടായി. ബ്രഹ്മചര്യത്തിന്റെ വഴിയിലൂടെ സന്ന്യാസത്തിലേക്ക് കടക്കാനായത് അന്ന് സ്വന്തം ഇഷ്ടത്തില്‍ എടുത്ത തീര്‍പ്പിന്റെ ഫലമെന്ന് ബ്രഹ്മചാരിണി സജിത.പി.എസ് ഉറച്ച് വിശ്വസിക്കുന്നു.
-
ബ്രഹ്മചാരിണി സ്വയംപ്രഭ ബി.എസ്. : ഇടുക്കി കല്ലാറില്‍ പരേതനായ ബി.സത്യദാസിന്റെയും ജെ. സവിത്രിയുടെയും മകളായി 1975ല്‍ ജനനം. ചെറുപ്രായം മുതലെ ആശ്രമത്തില്‍ വരുമായിരുന്നു. കല്ലാറിലെ ആശ്രമത്തില്‍ പൂവ് കെട്ടാനും കര്‍മ്മം ചെയ്യാനും നിന്നത് ജീവിതത്തിന്റെ വഴിത്തിരിവായി. 1996ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമാണ് സ്ഥിരമായി ആശ്രമത്തില്‍ നിൽക്കാൻ വരുന്നത്. എക്കാലവും ഗുരുവിന്റെ കൂടെനിന്ന് ജീവിച്ച് പോകണമെന്ന് ആഗ്രഹിച്ചാണ് ആശ്രമത്തില്‍ എത്തുന്നത്. 2009ല്‍ ബ്രഹ്മചാരിണിയാകാനുളള ഭാഗ്യം ലഭിച്ചു.
-
ബ്രഹ്മചാരിണി ശാലിനി പ്രുതി : അച്ഛന്റെ അച്ഛന്‍ ഒരു പൂജാരിയായിരുന്നെങ്കിലും അച്ഛന്‍ തീര്‍ത്തും നിരീശ്വരവാദിയായിരുന്നു. ശാലിനിയുടെ ആത്മീയ യാത്രയില്‍ പിന്തുണ നല്‍കിയത് അമ്മയാണ്. ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് അമ്മ ജനിച്ചത്. കുട്ടിക്കാലത്ത് പല ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നിലും ശാലിനിയുടെ മനസ്സിന് ഒരു തൃപ്തി വന്നില്ല. 2001 ലാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും അറിയുന്നത്. 2004ല്‍ ന്യൂഡല്‍ഹി സാകേതിലുളള ആശ്രമം സന്ദര്‍ശിച്ചു. 2006ല്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ കണ്ടതും ജീവിതലക്ഷ്യം എന്താണെന്ന് മനസിലായി. 2015ല്‍ ദീക്ഷാ വാര്‍ഷികം ചടങ്ങിനിടെ അമ്മ തന്റെ കൈ പിടിച്ച് ശിഷ്യപൂജിതയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു. 2016ല്‍ ബ്രഹ്മചാരിണിയായി.
-
ബ്രഹ്മചാരിണി സുകൃത എ. : തിരുവനന്തപുരം ജില്ലയില്‍ ആനന്ദപുരം ഗുരുകൃപ വീട്ടില്‍ ശ്രീ അനില്‍ ചേര്‍ത്തലയുടേയും ശ്രീമതി ബീനയുടേയും മകളായി 2001 ല്‍ സുകൃത ജനിച്ചു. 1986 ല്‍ അച്ഛനും 1988 ല്‍ അമ്മയും ആശ്രമത്തില്‍ എത്തി. വീടിനും നാടിനും ലോകത്തിനു ഉതകുന്ന ഒരു സന്താനത്തിനായി പ്രാര്‍ത്ഥിക്കണം.എന്ന് ഗുരു പറഞ്ഞു. അന്നു മുതല്‍ അങ്ങനെയൊരു വ്രതത്തില്‍ പാര്‍ത്ഥന ആരംഭിച്ചു. 4 വര്‍ഷം കഴിഞ്ഞ് ശിഷ്യപൂജിത ജന്മഗൃഹത്തില്‍ വന്ന സമയത്ത് ഗുരുവിന് വീട്ടില്‍ ആഹാരം കൊടുക്കണം എന്നു അച്ഛനോടു പറഞ്ഞു. ആ സമയത്ത് അമ്മ ഗര്‍ഭിണിയായി. അമ്മയെ ഗര്‍ഭിണിയായ സമയത്ത് വീട്ടില്‍ വിടാതെ ആശ്രമത്തില്‍ തന്ന നിര്‍ത്തി പ്രത്യേക പ്രാര്‍ത്ഥനാ സങ്കല്‍പങ്ങള്‍ ചെയ്യിക്കുമായിരുന്നു. അങ്ങനെ കിട്ടിയ ഒരുജീവനാണ് സുകൃത എന്ന പെണ്‍കുട്ടി. ഒരു ദിവസം ശിഷ്യപൂജിത നടക്കാന്‍ ഇറങ്ങിയ സമയം വഴിയില്‍ വച്ച് സുകൃതയെ കാണുകയും സുകൃതയോട് നിന്നെ ഞാന്‍ സമയമാകുമ്പോള്‍ ആശ്രമത്തിലേക്ക് കൊണ്ടുപൊയ്‌ക്കോളാം എന്നു പറഞ്ഞു. 2022 ഒക്‌ടോബര്‍ 5 ന് ബ്രഹ്മചര്യ ദീക്ഷ ലഭിച്ചു. ശാന്തിഗിരി വിദ്യാഭവനില്‍ നിന്നും പ്ലസ് ടു വും ചെമ്പഴന്തി എസ് എന്‍ കോളേജില്‍ നിന്നും ബികോം ബിരുദവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ കാര്യവട്ടം ക്യാമ്പസില്‍ എം കോം ഗ്ലോബല്‍ ബിസിനസ്സ് ഓപ്പറേഷന്‍സില്‍ പി ജി ചെയ്യുന്നു.
-
ബ്രഹ്മചാരിണി ഷൈബി എ.എന്‍ : ചേര്‍ത്തല തൈക്കല്‍, അരശുപറമ്പു ഭവനത്തില്‍ ദിവംഗതനായ ശ്രീ. സി. കെ. നരേന്ദ്രന്റേയും ശ്രീമതി. പാര്‍വതി നരേന്ദ്രന്റേയും മകളായി 1977 ല്‍ ജനിച്ചു. പിതാവ് കയര്‍ പിരിക്കുന്ന ജോലി ആയിരുന്നു. കൂട്ടിന് അമ്മ കൂടെ ഉണ്ടായിരുന്നു. കല്ലാറ്റില്‍ നിന്നുള്ള രണ്ടു പേര്‍ പറഞ്ഞറിഞ്ഞാണ് 1975 ല്‍ മാതാപിതാക്കള്‍ ആദ്യമായി ഗുരുവിന്റെ അടുത്ത് എത്തുന്നത്. ആതിനു ശേഷം 2 വര്‍ഷം കഴിഞ്ഞാണ് 1977 ല്‍ ഷൈബി ജനിക്കുന്നത്. ശ്രീ. മുകുന്ദന്‍ (പരേതന്‍), ആയുര്‍വ്വേദ സിദ്ധവൈദ്യശാലയില്‍ കര്‍മ്മം ചെയ്തുവരുന്ന ശ്രീ ബാനര്‍ജി, ശ്രീ. ബിനോജ്, ശ്രീ. ഷൈലജ എന്നിവര്‍ സഹോദരങ്ങളാണ്.കണ്ഠമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2000ല്‍ ഗുരുവിന്റെ അനുവാദത്തോടെആശ്രമത്തില്‍ നില്‍ക്കാന്‍ ആരംഭിച്ചു. തുടര്‍ന്നു വിവിധ യൂണിറ്റുകളില്‍ കര്‍മ്മം ചെയ്തു വരികയായിരുന്നു. ഒരിക്കല്‍ ഏറണാകുളം ആശ്രമത്തിലേക്കുള്ള ഗുരുവിന്റെ തീര്‍ത്ഥയാത്രയില്‍ സന്ന്യാസിമാര്‍ സഞ്ചരിച്ച വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് ഷൈബിക്ക് ഭാഗ്യം ലഭിച്ചു. അപ്പോള്‍ മനസ്സില്‍ ഗുരുവിനോട് അതിയായ സ്‌നേഹം അനുഭവപ്പെടുകയും, തനിക്കും സന്യാസി ആകണമെന്ന ആഗ്രഹം വര്‍ദ്ധിച്ചുവരികയും ചെയ്തു. പിന്നീട് ഇക്കാര്യം അഭിവന്ദ്യ ശിഷ്യപൂജിതയെ അറിയിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അന്നു മുതല്‍ ഷൈബിയുടെ മനസ്സില്‍ ശക്തമായി സങ്കല്‍പം ചെയ്തു പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഫലമായി 2011 ല്‍ ഗുരു ഷൈബിക്ക് ബ്രഹ്മചര്യ ദീക്ഷ നല്‍കി.
-
ബ്രഹ്മചാരിണി വത്സല കെ.വി.: എറണാകുളം ജില്ലയില്‍ നീലേശ്വരം മലയാറ്റൂര്‍ കൂത്താട്ടുപറമ്പില്‍ പരേതനായ വേലായുധന്‍ കെ.എ യുടെയും കമലാക്ഷിയുടെയും മകളായി 1968ല്‍ ജനനം. ചെറുപ്പം മുതലെ സന്ന്യാസിയാകണമെന്ന് ഉളളില്‍ ഒരാഗ്രഹമുണ്ടായിരുന്നു. 1986ലാണ് ആദ്യമായി ആശ്രമത്തില്‍ എത്തിച്ചേരുന്നത്. ഒരു ദിവസം ആശ്രമത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വന്നപ്പോള്‍ സ്ഥിരമായി നില്‍ക്കാന്‍ ഗുരുവിനോട് അനുവാദം ചോദിച്ചു. ഗുരു സമ്മതിച്ചു. 1998 ല്‍ ബ്രഹ്മചാരിണിയായി. സ്വയം സൂക്ഷിച്ചും മറ്റുളളവരെ സൂക്ഷിച്ചും ഗുരുസ്നേഹം പങ്കുവെച്ച് ബ്രഹ്മചര്യ ജീവിതത്തില്‍ നീണ്ട വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രഹ്മചാരിണി വത്സലയുടെ ജീവിതാഭിലാഷം 2023 ഒക്ടോബര്‍ 24 ന് നിറവേറ്റപ്പെടുന്നു.|
-
ബ്രഹ്മചാരിണി വന്ദിത ബാബു : തിരുവനന്തപുരം ജില്ലയിലെ കാഞ്ഞാംപാറ, തീര്‍ത്ഥം ഭവനത്തില്‍ ശ്രീ പി പി ബാബുവിന്റേയും ശ്രീമതി ഷൈലജ ബാബുവിന്റേയും മകളായി 1998 ല്‍ ജനിച്ചു. 1992 ലെ വിജയദശമി നാളില്‍ മാതാപിതാക്കള്‍ ആദ്യമായി ആശ്രമത്തലെത്തി. ആശ്രമത്തില്‍ വന്നതിനു ശേഷം ഗുരുസങ്കല്‍പ്പത്തില്‍ ഒരു കുഞ്ഞുവേണമെന്നു ആഗ്രഹമുണ്ടായ ബാബു ശൈല ദമ്പതികള്‍ ഗുരുവിനെ അറിയിക്കുകയും അതിന് പ്രാര്‍ത്ഥനാ സങ്കല്‍പങ്ങള്‍ പറഞ്ഞുകൊടുക്കുകയും 6 വര്‍ഷത്തിനു ശേഷം 1998 വന്ദിത ജനിക്കുകയും ചെയ്തു. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിനെ എനിക്കു വളര്‍ത്താന്‍ നല്‍കണമെന്ന് ഗുരു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ പൂര്‍ണ്ണ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. ശാന്തിഗിരി വിദ്യാഭവനില്‍ പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞ വന്ദിത ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പൂര്‍ത്തിയാക്കി ബി എഡ് കഴിഞ്ഞ വന്ദിത സെന്‍ട്രല്‍ ടീച്ചിംഗ് എലിജിബിലിറ്റി ടെസ്റ്റ് പാസാവുകയും ചെയ്തു. കൊച്ചുനാളിലെ തന്റെ മനസ്സില്‍ മുതിര്‍ന്നു വരുമ്പോള്‍ ഗുരുവിന്റെ മകളായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു 25 വയസ്സാകുമ്പോള്‍ എനിക്ക് ഏതു ജീവിതം വേണമെന്ന തീരുമാനം ഗുരുവില്‍ നിന്നും കിട്ടണമെന്നുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. 25 വയസ്സാകുന്ന 2022 ല്‍ ദീക്ഷ ലഭിച്ചു .
-
ബ്രഹ്മചാരിണി വന്ദിത സിദ്ധാര്‍ത്ഥന്‍ : കോഴിക്കോട് കടലുണ്ടി സ്വദേശി താര പി, സിദ്ധാര്‍ത്ഥന്‍ എ. ദമ്പതികളുടെ മകളാണ്. 1990 ൽ തിരുവനന്തപുരത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം റെയിൽവേസ്റ്റേഷനിൽ നി ൽക്കുമ്പോൾ ഒരു അപരിചിതൻ വന്ദിതയുടെ മാതാപിതാക്കൾക്ക് ശാന്തിഗിരി ആശ്രമത്തിന്റെ അഡ്രസ്സ് എഴുതി നൽകി.ആശ്രമത്തിലെത്തി ആദ്യമായി ഗുരുവിനെ കണ്ടപ്പോൾ മക്കളെയും കൂട്ടി വീണ്ടും വരണമെന്ന് ഗുരു അറിയിച്ചു. പിന്നീട് ഗുരുവുമായുള്ള കൂടിക്കാഴ്ചകൾ ആശ്രമത്തിനോട് കൂടുതൽ അടുപ്പം സ്ഥാപിക്കാൻ കാരണമായി. മകൾ വന്ദിതക്ക് ഗുരുവാണ് നാമകരണം നടത്തിയത്. മൈ ക്രോബയോളജിയിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കി.കൂടാതെ ഡിസൈൻ തിങ്കിങ്ങ് പ്രാക്ടീഷണറായും, ലീൻ സിക്സ് സിഗ്മ ബിബി എന്നീ ഡിഗ്രി കളും കരസ്ഥമാക്കിയിട്ടുണ്ട്. ബംഗളുരുവി അമേരിക്കൻഹോസ്പിറ്റൽ–ആന്റ് ഹെൽ ത്ത് കെയർ സോഫ്റ്റ് വെയർ കമ്പിനിയിൽ ഡയറക്ടറായി കർമ്മം ചെയ്തു വരുന്നു. 2022 ൽ വന്ദിത ബ്രഹ്മചാരിണിയായി.