InternationalLatest

ചൈനയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ വ്യാപനം

“Manju”

ബെയ്ജിങ്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. ഒരുതരം ന്യുമോണിയയാണ് ചൈനയില്‍ വ്യാപിക്കുന്നത്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ചൈനയിലെ ആശുപത്രികള്‍ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂള്‍ കുട്ടികളില്‍ രോഗം വ്യാപിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പനി, ശ്വാസകോശവീക്കം എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് കുട്ടികള്‍ പ്രകടിപ്പിക്കുന്നത്. രോഗം വ്യാപിച്ചതോടെ ചൈനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍നിന്ന് മറ്റുള്ളവര്‍ അകലം പാലിക്കണമെന്നും മാസ്‌കുകള്‍ ധരിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗമുള്ളവര്‍ വായുസഞ്ചാരമുള്ള ഇടങ്ങളില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

യു.കെയില്‍നിന്നുള്ള ദ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ന്യുമോണിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത് പ്രോമെഡ് ആണ്. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന നിരീക്ഷണസംവിധാനമാണ് പ്രോമെഡ്. 2019-ല്‍ കോവിഡിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയതും പ്രോമെഡ് തന്നെയായിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗം പരക്കുകയാണെന്നും ഇത്രയധികം കുട്ടികളിലേക്ക് രോഗം അതിവേഗത്തില്‍ വ്യാപിച്ചത് അസാധാരണമാണെന്നും പ്രോമെഡ് പറയുന്നു. ഈ വ്യാപനത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യക്തതയില്ലെന്നും ഇതുവരെ മുതിര്‍ന്നവരില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇത് അടുത്ത മഹാമാരിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും പ്രോമെഡ് കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button