IndiaLatest

തമിഴ്‌നാട്ടില്‍ രണ്ട് മരണം; ചെന്നൈ വിമാനത്താവളം അടച്ചു

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച്‌ മിഷോങ് ചുഴലിക്കാറ്റ്. മഴക്കെടുതിയില്‍ ഇതുവരെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ഇസിആര്‍ റോഡിലുള്ള ചുറ്റുമതില്‍ ഇടിഞ്ഞുവീണാണ് ആളപായം സംഭവിച്ചത്. വടക്കൻ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. നിരവധി വിമാനങ്ങളും ട്രെയിനുകളുമാണ് ഇതിനോടകം റദ്ദാക്കി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്. ഇതോടെ തമിഴ്‌നാട്ടിലെ പല മേഖലകളിലും ജനജീവിതം സ്തംഭിച്ചു. ചെന്നൈ അടക്കം ആറ് ജില്ലകള്‍ക്കാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. എട്ടെണ്ണം ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. 26 വിമാനങ്ങള്‍ വൈകി. ചെന്നൈ എയര്‍പോര്‍ട്ട് റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്താവളം അടച്ചു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകള്‍ കൂടി നിലവില്‍ റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മദ്രാസ് ഹൈക്കോടതി ഉള്‍പ്പടെ ചെന്നൈയിലെ എല്ലാ കോടതികളും ഇന്ന് പ്രവര്‍ത്തിക്കില്ലെന്ന ഉത്തരവും പുറത്തുവന്നിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ഞായറാഴ്ച രാത്രി മുതല്‍ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ മുന്നറിയിപ്പ്. ചെന്നൈയിലെ 15 സബ്‌വേകളാണ് വെള്ളക്കെട്ട് മൂലം അടച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുതുച്ചേരി മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button