KeralaLatest

തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പില്‍ പി ടി തോമസിന്റെ മകന്‍

“Manju”

പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു തോമസിന്റെ പേരും കോണ്‍ഗ്രസിന്റെ ചര്‍ച്ചകളില്‍ ഇടംപിടിച്ചു .
പി.ടി. തോമസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളോടുള്ള ജനങ്ങളുടെ മതിപ്പ് വിളംബരം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങിനെത്തിയ ജനസഞ്ചയം. ആ ജനാഭിലാഷത്തോട് നീതി പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ചര്‍ച്ചയിലാണ് മകന്റെ പേര് സജീവമായി ഉയര്‍ന്നുവരുന്നത്.
പി.ടി. അകാലത്തില്‍ അന്തരിച്ചതിന്റെ വേദനയില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ഔപചാരിക ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല. ജനുവരി ഒന്നിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരുന്നത്. ടോണി ചമ്മണി, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പി ടി ഭാര്യ ഉമാ തോമസും മത്സരിക്കണമെന്ന അഭിപ്രായം പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട് .
വിഷ്ണു തോമസ് ദന്ത ഡോക്ടറാണ് . കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ.തമ്ബാന്‍ നായരുടെ മകള്‍ ബിന്ദുവാണ് ഭാര്യ . എന്നാല്‍ ഇടതുമുന്നണിയോ സി.പി.എമ്മോ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലാണ്.

Related Articles

Back to top button