IndiaLatest

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ താരങ്ങളെ രക്ഷപ്പെടുത്തി

“Manju”

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കനത്ത മഴ ചെന്നൈയടക്കമുള്ള തമിഴ്നാടൻ പ്രദേശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ ദുരിതത്തിലാക്കി. സാധാരണക്കാരും ചലച്ചിത്രതാരങ്ങളുമടക്കം വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് അതിരൂക്ഷമായി നേരിട്ടു. പ്രളയത്തിൽ വസതികളിൽ കുടുങ്ങിയ നടന്മാരായ വിഷ്ണു വിശാൽ, ആമിർ ഖാൻ എന്നിവരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ തന്റെ ദുരിതം വിവരിക്കുന്ന പോസ്റ്റ് വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിനു മുകളിൽ ഒരു മൂലയിൽ മാത്രമാണ് ഫോണിന് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്.’’ എന്നാണ് വിഷ്ണു കുറിച്ചത്.

ഈ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞതോടെ തന്നെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തിയ കാര്യംകൂടി വിഷ്ണു വിശാൽ അറിയിച്ചു. ഇതിനൊപ്പം വിഷ്ണു പങ്കുവെച്ച ചിത്രങ്ങളിൽ ആമിർ ഖാനുമുണ്ടായിരുന്നു. ഇതോടെയാണ് ആമിറും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിലുണ്ടായിരുന്നെന്ന് പുറംലോകമറിഞ്ഞത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.

‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനകം മൂന്ന് ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹമാണ്. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി.’’–വിഷ്ണു വിശാൽ കുറിച്ചു.

ചെന്നൈയിൽ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാർട്മെന്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും വെളിപ്പെടുത്തിയിരുന്നു. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറഞ്ഞത്. പിന്നീട് തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തിയ വിവരവും അവർ പങ്കുവെച്ചു.

Related Articles

Back to top button