IndiaKeralaLatest

ചെയ്യൂരില്‍ ധ്യാനമഠം ഒരുങ്ങുന്നു നവ്യാനുഭൂതി പകരാൻ

“Manju”

ചെയ്യൂര്‍: രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ ഒരുങ്ങുന്ന ധ്യാനമഠം ഭക്തര്‍ക്ക് നവ്യാനുഭൂതി പകരുന്ന ഒന്നാകും. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മിഴിവാര്‍ന്ന ഛായാചിത്രം കാണാന്‍ ചെയ്യൂരിലെ ഭക്തര്‍ക്ക് അവസരമൊരുങ്ങുകയാണ്. സ്പിരിച്വല്‍ സോണില്‍ ദര്‍ശനമന്ദിരത്തോട് ചേര്‍ന്ന് നിര്‍മ്മാണം പുരോഗമിക്കുന്ന ധ്യാനമഠം അവാച്യമായ ഹൃദയാനുഭൂതി നിറയ്ക്കുന്ന തരത്തിലാണ് ക്രമീകരീക്കുന്നത്. ഉളളില്‍ പ്രവേശിക്കുന്ന ഏതൊരൊള്‍ക്കും ആത്മീയപ്രചോദകമായ ദര്‍ശനക്കാഴ്ചയൊരുക്കും വിധമാണ് ധ്യാനമഠത്തില്‍ ഗുരുരൂപം സ്ഥാപിക്കുക. വിടര്‍ന്ന താമരയ്ക്കു മുകളില്‍ ധ്യാനനിരതനായ ഗുരുവിന്റെ കാഞ്ചനശോഭ തുളുമ്പുന്ന രൂപത്തിന് ഗുരുവിന്റെ അതേ ഉയരമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഗുരുവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ക്കും ഗുരുവിനെ കണ്ടിട്ടുളളവര്‍ക്കും ‘ഗുരുദര്‍ശനം‘ ഒരു പോലെ ഹൃദ്യമാകും. ആത്മീയ സമ്മോഹനത്തിന് അനുചിതമായ പശ്ചാത്തല സംഗീതവും പ്രകാശവിന്യാസവും ധ്യാനമഠത്തിന്റെ ശോഭയ്ക്ക് മാറ്റുരയ്ക്കും.

ധ്യാനമഠം എന്നത് ജപത്തിനും ധ്യാനത്തിനുമുള്ള സങ്കല്പമാണ്. ആത്മീയതയിലെ പ്രധാന സവിശേഷമായ ഒരു കാര്യമാണ് ധ്യാനം. സര്‍വ്വേശ്വരനുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ. പ്രകാശത്തിന്റെ പരമാവസ്ഥയില്‍ അനുഭൂതിയുടെ രാഗലയവിന്യാസങ്ങളിൽ മനുഷ്യന്റെ മനസ് അതീന്ദ്രീയതക്കുമപ്പുറത്ത് ധ്യാനത്തിന്റെ അനുപമായ അമേയലോകത്തിലേക്ക് കടന്നുപോകും. മഹാസന്യാസിമാര്‍ കടലിന്റെ തീരത്തും മലമടക്കുകള്‍ക്കിടയിലും വനാന്തരങ്ങളിലും ഗുഹാമുഖങ്ങളിലുമിരുന്ന് ഒരു പുരുഷായുസ് മുഴുവന്‍ ധ്യാനിച്ചിട്ടും ജീവിതാവസാനം ഒരു ചന്ദനത്തിരിയുടെ വെളിച്ചം പോലും ലഭിക്കാറില്ല. എന്നാല്‍ ശാന്തിഗിരിയുടെ അനുഭവം തികച്ചും വ്യത്യസ്തമാണ്. ഗുരുവിന്റെ മഹാകാരുണ്യപ്രവാഹത്തില്‍ ഭക്തന് ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളെപോലും കാണുവാനും അറിയുവാനുമുള്ള അപൂര്‍വ്വമായ ദര്‍ശന ഖനികളുണ്ട്. അത് ശാന്തിഗിരിയുടെ ദര്‍ശന സിദ്ധാന്തമാണ്.അതിന് സമാനതകളില്ല. അതിലേക്ക് ആത്മീയ അനുവാചകനെ കൂട്ടികൊണ്ട് പോവുകയെന്നുള്ള ഒരു ലക്ഷ്യം ഇതിന്റെ പിന്നില്‍ വരച്ചിടുന്നു.

ധ്യാനത്തിന് പല അവസ്ഥകളുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ധ്യാനമെന്നത് ഗുരുവിൽ മനസ്സര്‍പ്പിക്കുകയെന്നതാണ്. ഗുരുവില്‍ മനസ്സര്‍പ്പിച്ചിട്ട് സകലതും ഗുരുവിലര്‍പ്പിക്കുന്നു. ഗുരുവില്‍ എല്ലാം കാണുന്നു. ഗുരു സാക്ഷാത് പരബ്രഹ്‌മം എന്ന സങ്കല്പത്തില്‍ മുന്‍നിര്‍ത്തിയുള്ള ധ്യാനം. എല്ലാം ഒരു കേന്ദ്രബിന്ദുവിലേക്ക് ശ്രദ്ധിച്ചുകൊണ്ട്ചെയ്യുന്ന ഒരു കാര്യം, അതാണ് ധ്യാനമഠം. ശാന്തിഗിരിയുടെ ജപം അഖണ്ഡനാമമാണ്. രജതജൂബിലി ആഘോഷവേളയില്‍ ചെയ്യൂരില്‍ തയ്യാറാക്കിയിരിക്കുന്ന ധ്യാനമഠം ഭക്തിയുടെ പുതിയ അനുഭവം ഓരോരുത്തര്‍ക്കും പ്രദാനം ചെയ്യുക തന്നെ ചെയ്യും.

Related Articles

Back to top button