IndiaLatest

പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ തയാറായി

“Manju”

 

ന്യൂഡല്‍ഹി∙ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തയാറായെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ഇതോടെ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനു കളമൊരുങ്ങും.

ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനമാണു പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയത് ഏതു വര്‍ഷമാണെന്ന് അപേക്ഷകര്‍ വ്യക്തമാക്കണം. ഇവരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍പ് പൗരത്വത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയില്‍ പരിശോധന നടത്തേണ്ടത് ജില്ലാ ഭരണകൂടമാണ്.

2014 ഡിസംബര്‍ 31-ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണു നിയമം. 2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കി. നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 83 പേരാണ് മരിച്ചത്. ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയില്‍ നിരവധി തവണ ആഭ്യന്തരമന്ത്രാലയം സാവകാശം തേടിയിരുന്നു. പാര്‍ലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങള്‍ തയാറാക്കണമെന്നതാണു വ്യവസ്ഥ. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.

Related Articles

Back to top button