IndiaKeralaLatest

ഗംഗൈ അമരന്‍, തലൈവാസല്‍ വിജയ്, എ.വി.അനൂപ് എന്നിവര്‍ക്ക് ശാന്തിഗിരി രജതജുബിലി പുരസ്കാരം

“Manju”

ചെയ്യൂര്‍ : തമിഴകത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി ആഘോഷവേളയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍, നടന്‍ തലൈവാസല്‍ വിജയ്, എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ.വി.അനൂപ് എന്നിവര്‍ക്ക് രജതജൂബിലി പുരസ്കാരം നല്‍കി ആദരിക്കും. ജനുവരി 6, 7 തീയതികളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പുരസ്കാരങ്ങള്‍ സമ്മാനിക്കും.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരന്‍ മൗനഗീതങ്ങൾ, വാഴ്വേ മായം (1983) തുടങ്ങിയ നിരവധി വിജയചിത്രങ്ങൾക്ക് സംഗീതം നൽകി. എഞ്ചോടി മഞ്ചക്കുരുവി, ഒരു കിളി ഉരുഗുത്, പൂജക്കേറ്റ പൂവിത്, വാടി എന്‍ കപ്പ കെളങ്ങേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് അമരനാണ്. സംഗീതസംവിധാനത്തിനുപുറമെ തെന്മാങ്ക് പാട്ടുകാരന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ധേഹം മികച്ച വിജയം നേടിയ കോഴി കൂവുത്ത്, എങ്ക ഒരു പാട്ടുകാരന്‍, അണ്ണനുക്ക് ജയ്, കോവില്‍ കാലൈ, കരഗാട്ടക്കാരൻ ഉൾപ്പെടെ പത്തൊന്‍പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി വിവിധ നിലകളില്‍ പ്രശസ്തനാണ് ഗംഗൈ അമരന്‍.

പ്രശസ്ത നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ എ. ആര്‍. വിജയകുമാര്‍ എന്ന തലൈവാസല്‍ വിജയ് തമിഴ്, തെലുങ്ക്, മലയാളം ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷസിനിമകളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങളാല്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി ഇരുന്നൂറ്റി അറുപതിലധികം ചിത്രങ്ങളില്‍ നടനായും സ്വഭാവനടനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. യുഗപുരുഷന്‍ എന്ന മലയാള സിനിമയില്‍ ശ്രീനാരായണഗുരുവിന്റെ വേഷം അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി സിനിമാപുരസ്കാരങ്ങള്‍ക്ക് ഇതിനകം അര്‍ഹനായിട്ടുണ്ട്. സിനിമ മേഖലയ്ക്കു പുറമെ തമിഴ് മലയാളം ടെലിവിഷന്‍ രംഗത്തും സജീവമാണ്. ജനുവരി 7 ന് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും ഇദ്ധേഹമാണ്.

ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ ചെയര്‍മാനായ ഡോ.എ.വി.അനൂ‍പ് കഴിഞ്ഞ 41 വര്‍ഷക്കാലമായി ആയൂര്‍വേദ, ഔഷധ, ഭക്ഷ്യ വ്യവസായ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിത്വമാണ് . എ.ജി.വാസവന്റെയും ലില്ലി ബായിയുടെയും മകനായി ജനനം, തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. രാജ്യത്ത് ഏറ്റവുമധികം സോപ്പുകള്‍ കൈ കൊണ്ടു നിര്‍മ്മിക്കുന്നതില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ഉല്‍പ്പന്നമാണ് മെഡിമിക്സ്. ഒരു ഉല്‍പ്പന്നം കൊണ്ടു തന്നെ ലോകം അറിയുന്ന വ്യവസായിയായി മാറിയ ആളാണ് അനൂപ്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം. എ.വി.എ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും ആയൂര്‍വേദ മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ദേശിയ കോര്‍ഡിനേറ്റര്‍ , ടീം ആര്‍ട്സ് ചെയര്‍മാന്‍, ഇന്ത്യന്‍ വേള്‍ഡ് ‌വൈഡ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍, മദ്രാസ് കേരള സമാജം രക്ഷാധികാരി, ലോക കേരളസഭ അംഗം തുടങ്ങി നിരവധി പദവികളിലും സാമൂഹ്യപ്രവര്‍ത്തനത്തിലും സിനിമാരംഗത്തും അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

Related Articles

Back to top button