IndiaLatest

പാളയിലെ ചിത്രങ്ങൾ പാളിയില്ല : ചെയ്യൂരിൽ ‘വരയിടം’ വ്യത്യസ്തമായി

ചെന്നൈയില്‍ വരയിടം തീര്‍ത്ത് ഷൈജു കെ മാലൂരും രൂപേഷ് ചിത്രകലയും

“Manju”

ചെയ്യൂര്‍: വരകളില്‍ വൈഭവം തീര്‍ക്കുന്ന യുവചിത്രകാരന്‍ ഷൈജു കെ മാലൂരിന്റെയും സുഹൃത്ത് രൂപേഷ് ചിത്രകലയുടെയും ചിത്രസഞ്ചാരം ചെന്നെയിലെ ചെയ്യൂരിലുമെത്തി. ശാന്തിഗിരി ആശ്രമം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെയ്യൂര്‍ ആശ്രമത്തില്‍ ഇവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പാളയിൽ തീര്‍ത്ത ‘വരയിടം’ ചിത്രപ്രദര്‍ശനം തികച്ചും വ്യത്യസ്തവും ആസാദ്യകരവുമായിരുന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിച്ചു.

രണ്ടാഴ്ച മുന്‍പ് ചെയ്യൂരിലെത്തിയ ഷൈജുവും സുഹൃത്തും തമിഴ് നാട്ടിലൂടെ നടത്തിയ യാത്രകളിൽ കണ്ട കാഴ്ചകൾ ഇടവേളകളില്‍ മൊബൈലില്‍ പകര്‍ത്തി, പിന്നീട് ആ ചിത്രങ്ങളുടെ ആശയം കുട്ടികൾക്ക് പകർന്നു നൽകി അവരിലൂടെ അതിന് രൂപപകർന്ന് ചായമുടുത്ത് എത്തിയതാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ചിത്രങ്ങളെ അതേപടി പ്രദര്‍ശിപ്പിക്കുന്നതിനു പകരം ചിത്രങ്ങള്‍ തങ്ങളുടെ സ്കൂളിലെ കുട്ടികള്‍ക്ക് വാട്സപ്പില്‍ അയച്ചു കൊടുത്തു. മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ കുട്ടികളുടെ നിറച്ചാര്‍ത്തില്‍ കൂടുതല്‍ മനോഹരമായി. പാള കൊണ്ടു നിര്‍മ്മിച്ച പ്ലേറ്റായിരുന്നു ചിത്രങ്ങളുടെ ക്യാന്‍വാസ്. ചിത്രപ്രദര്‍ശനം കാണാനെത്തിയവര്‍ ക്യൂറേറ്റര്‍മാരുടെ ആശയത്തെയും കുട്ടികളുടെ കഴിവിനെയും അഭിനന്ദിച്ചു. 17 കുട്ടികളാണ് ഇതിനായി ബ്രഷ് കൈയിലേന്തിയത്. കൂത്തുപറമ്പിലുള്ള ഷൈജുവിന്റെ ചിത്രകലാ സ്കൂളിൽ പഠിക്കുന്ന ഈ വിദ്യാർത്ഥികൾ സമൂഹത്തിന് അവബോധം പകരുന്ന തരത്തിൽ പ്ലാസ്റ്റിക് ദ്യൂഷ്യവശങ്ങളെയും, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയേയും പുഴയുടെയും കുളങ്ങളുടേയും സംരക്ഷണം തുടങ്ങിയ കാലികപ്രസക്തമായ വിഷയങ്ങളിൽ തങ്ങളുടെ പ്രതികരണം വർണ്ണങ്ങളിലൂടെ പറയുന്നത് ഇതാദ്യമല്ല.

കണ്ണില്‍ പതിഞ്ഞ് ഹൃദയത്തില്‍ തൊടുന്ന കാഴ്ചകളെ ഒപ്പിയെടുത്ത് വ്യത്യസ്തമായ ക്യാന്‍വാസുകളില്‍ അവയെ പകര്‍ത്തുന്ന മാലൂർ സ്വദേശിയായ ഷൈജുവിന് ചിത്രസഞ്ചാരി എന്നൊരു പേരുകൂടിയുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് കണ്ണുര്‍ കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡിനു സമീപം റോഡില്‍ വരച്ച കോവിഡിനെ പിടിച്ചു കെട്ടുന്ന ചിത്രവും ഫുട്ബോള്‍ ആവേശം അലതല്ലിയപ്പോള്‍ ഒരു വീടിന്റെ ചുമരില്‍ വരച്ച മെസ്സി- അര്‍ജന്റീന ചിത്രങ്ങളും കുത്തുപറമ്പ് പോലീസ് സ്നേഷനിലെ ട്രാഫിക നിയമവരകളും സുഹൃത്തിന്റെ കടയില്‍ വരച്ച വാഴക്കുല ചിത്രവുമൊക്കെ നിരവധി പ്രശംസ നേടിയിരുന്നു.

ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം നോക്കിക്കാണുന്ന സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ചിത്രകല അദ്ധ്യാപകന്‍ കൂടിയായ മാലൂര്‍ സുഹൃത്ത് രൂപേഷ് ചിത്രകലയുമൊന്നിച്ച് നടത്തുന്ന ചിത്രസഞ്ചാരം പരിപാടി സാമൂഹിക പ്രതിബദ്ധത കൂടി വിളിച്ചോതുന്ന തരത്തിലാണ് എന്നുളളതാണ് ചിത്രങ്ങള്‍ക്കൊപ്പം ചിത്രകാരന്‍മാരെയും വ്യത്യസ്തരാക്കുന്നത്. സാമൂഹ്യ ബോധവത്കരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന ചിത്രസഞ്ചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് കലാകാരന്‍മാര്‍.

Related Articles

Back to top button