IndiaLatest

ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാള്‍ അഹമ്മദാബാദില്‍

“Manju”

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദബാദിൽ നിർമ്മിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. 4000കോടി രൂപ ചെലവിലാണ് മാൾ നിർമിക്കുന്നത്. ഷോപ്പിംഗ് മാളിന്റെ നിർമ്മാണം 2024ൽ തന്നെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി അറിയിച്ചു. വെെബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

വെെബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളിൽ മാളിന്റെ മിനിയേച്ചർ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 2023 സെപ്തംബറിൽ യൂസഫലി ലുലു ഗ്രൂപ്പ് ഇന്ത്യയിൽ രണ്ട് വലിയ ഷോപ്പിംഗ് മാളുകൾ സ്ഥാപിക്കാൻ പോകുന്നതായി സൂചന നൽകിയിരുന്നു. അഹമ്മദാബാദിലും ചെന്നെെയിലുമാണ് ഇവ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനം ഹൈദരാബാദിൽ പുതിയ ഷോപ്പിംഗ് മാൾ തുറക്കുമെന്നും യൂസഫലി പറഞ്ഞു.

അതേസമയം, നിലവിൽ കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ലക്നൗ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യൻ നഗരങ്ങളിൽ ലുലുവിന് മാളുകളുണ്ട്. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയിൽ വ്യവസായത്തിലെ ട്രെൻഡ്‌സെറ്റർ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇതിൽ 250ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്നു. ലുലു ഗ്രൂപ്പിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 65000ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ആഗോളതലത്തിൽ എട്ട് ബില്യൺ യുഎസ് ഡോളറിന് വാർഷിക വിറ്റുവരവുമുണ്ട്.

Related Articles

Back to top button