KeralaLatest

പ്രധാനമന്ത്രിയില്‍ നിന്നും രാമക്ഷേത്രത്തിന്റെ മാതൃക ഏറ്റുവാങ്ങി മാക്രോണ്‍

“Manju”

ന്യൂഡല്‍ഹി: ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നല്‍കി സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്പൂരിലെത്തിയ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രശസ്ത സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ജന്തർമന്തറും, ഹവാ മഹലുമടക്കമുള്ള വിനോദസാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദർശിച്ചു.

രാജസ്ഥാനിലെ പൈതൃകം തൊട്ടറിയാൻ പ്രധാനമന്ത്രിക്കൊപ്പം മാക്രോണ്‍ നടത്തിയ യാത്രയില്‍ ജയ്പൂരിലെ ചായകള്‍ക്ക് പേര് കേട്ട കുല്‍ഹാദ് വാലി ചായയുടെ രുചിയും അദ്ദേഹം അറിഞ്ഞിരുന്നു. ഇന്ത്യയുടെ സ്വന്തം യുപിഐ സംവിധാനം ഉപയോഗിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂരില്‍ പണമിടപാടുകള്‍ നടത്തിയത്. യുപിഐ സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നത് തികച്ചും സൗകര്യപ്രദമാണെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇത്തരം സംവിധാനങ്ങള്‍ സഹായകരമാണെന്നും മാക്രോണ്‍ പറഞ്ഞു. ജയ്പൂരിന്റെ പൈതൃകവും സംസ്‌കാരവും പ്രധാനമന്ത്രിക്കൊപ്പം ആസ്വദിച്ച മാക്രോണ്‍ 6 മണിക്കൂറോളം രാജസ്ഥാനില്‍ ചെലവഴിച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ ജയ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയിലും പങ്കുചേർന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തില്‍ സന്തോഷവും നന്ദിയും അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പോസ്റ്റ് പങ്കിട്ടിരുന്നു.

Related Articles

Back to top button