KeralaLatest

നവപൂജിതം ആഘോഷങ്ങൾ നാടിനുള്ള സന്ദേശമായി – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യാന്തരതലത്തിലും നടന്ന നവപൂജിതം ആഘോഷങ്ങൾ പൊതുസമൂഹത്തിനോടൂള്ള ഗുരുവിന്റെ സന്ദേശമായി മാറിയെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. നവപൂജിതം ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. ” എന്റെ എല്ലാ കാര്യങ്ങളും എല്ലാവരെയും അറിയിച്ച് എല്ലാവരും ചേർന്ന് ചെയ്യണം” എന്ന ഗുരുവാക്കിനെ മുൻനിർത്തിയാണ് നവപൂജിതം ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രണ്ട് മാസം മുൻപ് ആരംഭിച്ച ആഘോഷപരിപാടികളിൽ എല്ലാ അതിരുകൾക്കുമപ്പുറം സമസ്ത മേഖലകളിലുള്ളവരെയും പങ്കെടുപ്പിക്കാനും ഗുരുവിന്റെ സ്നേഹം പങ്കു വയ്ക്കാനും ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനയിലെ പ്രവർത്തകർക്ക് കഴിഞ്ഞുവെന്നും തലസ്ഥാനത്ത് നടന്ന സൗഹൃദക്കൂട്ടായ്മ നാടിന്റെ പരിശ്ചേദമായി മാറിയെന്നും സ്വാമി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളീൽ നിന്നും ആയിരകണക്കിന് ഗുരുഭക്തരാണ് നവപൂജിതദിനമായ സെപ്തംബർ 1 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്കെത്തിയത്. രാവിലെ മുതൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് സന്യാസി സന്യാസിനിമാര്‍ നേതൃത്വം നല്‍കി. വ്രതാനുഷ്ഠാനത്തിന്റെയും ഭക്തിയുടെയും നിറവില്‍ എണ്ണത്തിരികളുടെ പ്രകാശം ചൊരിഞ്ഞ് വൈകുന്നേരം നടന്ന ദീപ പ്രദക്ഷിണം ആശ്രമാന്തരീക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാക്കി. അഖണ്ഡമന്ത്രാക്ഷര മുഖരിതമായ അന്തരീക്ഷത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗുരുഭക്തര്‍ ആശ്രമസമുച്ചയത്തെ വലംവച്ചു. സെപ്തംബർ 20 ന് നടക്കുന്ന പൂർണ്ണകുംഭമേളയോടെ നവപൂജിതം ആഘോഷങ്ങൾ സമർപ്പിക്കും.

 

Related Articles

Back to top button