LatestThiruvananthapuram

സായൂജ്യം നേടി ഭക്തലക്ഷങ്ങൾ ; ആകാശത്തുനിന്ന് പുഷ്പവൃഷ്ടി

“Manju”

തിരുവനന്തപുരം∙ അനന്തപുരിയെ യാഗശാലയാക്കിയ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി. ലക്ഷക്കണക്കിന് സത്രീജനങ്ങൾ അടുത്ത പൊങ്കാലയ്ക്ക് എത്താമെന്ന് ആറ്റുകാലമ്മയ്ക്കു വാക്കുനൽകി തിരുവനന്തപുരം നഗരം വിടുന്ന തിരക്കിലാണ്. ഉച്ചപൂജയ്ക്കു ശേഷമായിരുന്നു പൊങ്കാല നിവേദ്യം. നിവേദ്യ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്തി. പൊങ്കാല കഴിഞ്ഞതോടെ തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി സ്പെഷൽ‌ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിച്ചും ട്രെയിനിലും പതിനായിരക്കണക്കിന് സ്ത്രീകളാണ് വീടുകളിലേക്ക് മടങ്ങുന്നത്.

രാത്രി 7.30നു നടക്കുന്ന കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് ചടങ്ങാണ് ഇനി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. രാത്രി 11നു മണക്കാട് ശാസ്തക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. എഴുന്നള്ളത്തിന് സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളവുമുണ്ടാകും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ഇന്നു രാവിലെ 10നു പണ്ടാര അടുപ്പിൽ തീ ‌കത്തിച്ചതോടെയാണ് സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക‌ു തുടക്കമായത്. തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറി. പിന്നീടാണു വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടർന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്കു തീ പകർന്നു.

ശുഭപുണ്യാഹത്തിനു ശേഷമാണു ചടങ്ങുകൾ ആരംഭിച്ചത്. ഇതേസമയം പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണു വിശ്വാസം. പാട്ടു തീർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കമായത്. രാവിലെ പെയ്ത ചാറ്റൽ മഴ ഭക്തർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

സൂചി കുത്താൻ ഇടയില്ലാത്ത വിധം തമ്പാനൂർ അടക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്തു വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൊങ്കാലയിടുന്ന ഭക്തർക്ക് ദാഹജലം വിതരണം ചെയ്യാനും അന്നദാനം നൽകാനുമായി ആയിരക്കണക്കിനു സംഘടനകളും വ്യക്തികളുമാണു രംഗത്തുണ്ടായിരുന്നു. പൊങ്കാലയോട് അനുബന്ധിച്ച് 500 ബസുകളാണ് പ്രത്യേക സർവീസ് നടത്തുന്നത്. 300 ബസുകൾ ജില്ലയിൽ സർവീസ് നടത്തും. 200 ദീർഘദൂര ബസുകളും ഇതിനായി തയാറാണ്. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button