KeralaLatest

ഗാനമേളകളെ ജനപ്രിയമാക്കിയ ഗിറ്റാറിസ്റ്റ്; ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

“Manju”

തൃശ്ശൂര്‍: ഗാനമേളരംഗത്ത് ശ്രദ്ധ നേടിയ ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകിട്ട് അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് വര്‍ഷമായി അഞ്ചേരി എലിക്സര്‍ ഫ്‌ളാറ്റിലാണ് ആറ്റ്ലി താമസിച്ചിരുന്നത്. തൃശ്ശൂരില്‍ നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ് ആറ്റ്ലി ഡിക്കൂഞ്ഞ. സംസ്‌കാരം ഇന്ന് നാലിന് തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സേക്രഡ്ഹാര്‍ട്ട് ലത്തീന്‍ പള്ളി സെമിത്തേരിയില്‍.

മലയാള ഗാനരംഗത്തെ മാസ്റ്റര്‍മാരായ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയവരുടെ സംഗീത ജീവിതത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. 10 വര്‍ഷത്തോളം സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററോടൊപ്പം പ്രവര്‍ത്തിച്ചു. 1968-ല്‍ സ്ഥാപിച്ച വോയ്സ് ഓഫ് ട്രിച്ചൂര്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ മ്യൂസിക് ട്രൂപ്പ്. തുടര്‍ന്ന് മ്യൂസിക്കല്‍ വേവ്സ്, ട്രിച്ചൂര്‍ വേവ്സ്, ആറ്റ്ലി ഓര്‍ക്കെസ്ട്ര എന്നീ സംഗീത ട്രൂപ്പുകളിലും നേതൃത്വം വഹിച്ചു.

എറണാകുളം വൈപ്പിന്‍ കരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലാണ് ആറ്റ്‌ലി ഡിക്കൂത്തയുടെ ജനനം. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയ്ക്കും സീരിയലുകളിലും സംഗീതസംവിധായകനായി. ആകാശവാണി, ദൂരദര്‍ശനിലെ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. ഭാര്യ: ഫെല്‍സി (റിട്ട. അധ്യാപിക, സെയ്ന്റ് ജോസഫ്‌സ് സ്‌കൂള്‍). മക്കള്‍: ആറ്റ്ഫെല്‍ റിച്ചാര്‍ഡ് ഡിക്കൂഞ്ഞ, മേരി ഷൈഫല്‍ റോഡ്റിക്‌സ്. മരുമക്കള്‍: ട്രീസാ എവലിന്‍ ഡിക്കൂഞ്ഞ, സ്റ്റീഫന്‍ മെല്‍വിന്‍ റോഡ്റിക്‌സ്.

Related Articles

Back to top button