IndiaKeralaLatest

ഇന്ത്യയില്‍ ‘ഗിഗ് ജോബ്’ പ്രതിഭാസം വര്‍ദ്ധിക്കുന്നതായി അന്താരാഷ്‌ട്ര റിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍മേഖലയില്‍ വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരെ അപേക്ഷിച്ച്‌ തൊഴില്‍രഹിതരായിരിക്കാൻ സാദ്ധ്യതയേറെയാണെന്ന് ഇന്ത്യയുടെ തൊഴില്‍ വിപണിയെ സംബന്ധിച്ച്‌ ലേബർ ഓർഗനൈസേഷൻ നടത്തിയ പഠന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനമാണ്, അതേസമയം എഴുതാനോ വായിക്കാനോ അറിയാത്തവരുടെ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനവും. അഭ്യസ്തവിദ്യരല്ലാത്തവരേക്കാള്‍ ഒൻപതിരട്ടി അധികമാണ് വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ നിരക്ക്. സെക്കൻഡറി അല്ലെങ്കില്‍ ഉയർന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ നിരക്ക് 18.4 ശതമാനവുമാണ്. കാലത്തിനനുസരിച്ച്‌ തൊഴിലില്ലായ്‌മ നിരക്ക് വർദ്ധിക്കുകയാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ മോശം സ്കൂള്‍ വിദ്യാഭ്യാസ സംവിധാനം കാലക്രമേണ രാജ്യത്തിന്റെ സാമ്ബത്തിക സാദ്ധ്യതകളെ തടസപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണറും സാമ്ബത്തിക വിദഗ്ദ്ധനുമായ രഘുറാം രാജൻ അഭിപ്രായപ്പെടുന്നു.

ആഗോള നിരക്കിനേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ തൊഴിലില്ലായ്‌മാ നിരക്ക്. കാർഷികേതര മേഖലകളില്‍ ആവശ്യത്തിന് തൊഴിലുകള്‍ നിർമിക്കാൻ ഇന്ത്യൻ തൊഴില്‍ വിപണിക്ക് സാധിക്കുന്നില്ല.15 മുതല്‍ 29 വയസിനിടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ നിരക്ക് 2000ല്‍ 88.6 ശതമാനമായിരുന്നത് 2022ല്‍ 82.9 ശതമാനമായി കുറഞ്ഞെങ്കിലും ഇതേകാലയളവില്‍ അഭ്യസ്തവിദ്യരായ ഇന്ത്യൻ ചെറുപ്പക്കാരു‌ടെ എണ്ണം 54.2 ശതമാനത്തില്‍ നിന്ന് 65.7 ശതമാനമായി ഉയർന്നു.

തൊഴിലില്ലായ്‌മയില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് സ്ത്രീകളാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരില്‍ 76.7 ശതമാനം സ്ത്രീകളും 62.23 ശതമാനം പുരുഷന്മാരുമാണ്. ലോകത്തുതന്നെ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ നിരക്കില്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൂടാതെ ഗ്രാമീണ മേഖലയെ അപേക്ഷിച്ച്‌ നഗരമേഖലയിലാണ് കൂടുതലും തൊഴില്‍ രഹിതരുള്ളത്. ഇന്ത്യയില്‍ ഗിഗ് ജോബുകള്‍ വർദ്ധിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. താത്‌കാലിക, ചെറിയ വരുമാനമുള്ള തൊഴിലുകളെയാണ് ഗിഗ് ജോബുകള്‍ എന്ന് പറയുന്നത്.

 

Related Articles

Back to top button