KeralaLatest

ഗുരുവിന്റെ ത്യാഗജീവിതം വിവരണാതീതം : എസ്.ശ്യാംകുമാർ

“Manju”

പോത്തൻകോട് : ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ ഒരു നിമിഷത്തെക്കുറിച്ചു പോലും വിവരിക്കാൻ എത്ര മഹാഗ്രന്ഥങ്ങൾ എഴുതിയാലും കഴിയില്ലെന്ന് ശാന്തിഗിരി ആശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർ (പബ്ലിക് റിലേഷൻസ്) എസ്.ശ്യാംകുമാർ അഭിപ്രായപ്പെട്ടു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ എട്ടാം ദിവസം (ഏപ്രിൽ 20) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ആ ത്യാഗ ജീവിതത്തെക്കുറിച്ച് അഭിവന്ദ്യ ശിഷ്യപൂജിത ഇങ്ങനെ കുറിച്ചു :
‘ഖഡ്ഗധാരയിലൂടെ കടന്നൊരാ യാത്രയെത്രയോ ക്ലേശം എൻ ഗുരു അത് തപസ്സാക്കി.’ ഗുരുവിന്റെ ഗുരുവായ ഖുറേഷ്യ ഫക്കീർ നൽകിയ നിർദ്ദേശങ്ങളെല്ലാം ഗുരു ശിരസ്സാവഹിച്ചു. ഒരു ഗുരുവിന്റെ വാക്കുകളെ സംശയിക്കാതെ അനുസരിക്കുന്നതിലാണ് ശിഷ്യന്റെ രക്ഷയെന്നത് ഗുരു സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു. അതിനാൽ ഗുരുസന്നിധിയിൽ ഒരിക്കലും നാം മനുഷ്യ ന്യായത്തിൽ പ്രവർത്തിക്കരുത്. ശാന്തിഗിരിയുടെ ആത്മവിദ്യാലയം ശരിക്കും പ്രപഞ്ചത്തിന്റെ ആത്മവിദ്യാലയമാണ്. സകലതിനും രക്ഷപകരുന്ന ആത്മവിദ്യ പ്രദാനം ചെയ്യുന്ന സ്ഥലമാണതെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി മാതൃണ്ഡലം കൊയിലാണ്ടി ഏരിയ കമ്മിറ്റി കൺവീനർ ഡോ.എൽ.കെ.സരിതയും പത്തനംതിട്ട ഏരിയ അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ) കെ.എസ്.അജികുമാറും അനുഭവം പങ്കുവെച്ചു. പ്രഭാഷണ പരമ്പരയുടെ എട്ടാം ദിനമായ ഇന്ന് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി സംസാരിക്കും.

Related Articles

Back to top button