KeralaLatestThiruvananthapuram

ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നടന്നത് 10 കോടിയുടെ ഇലക്ഷന്‍ പ്രചരണം , സാമ്പത്തിക സ്രോതസ് പരിശോധിക്കും – ഇ.ഡി

“Manju”

കോട്ടയം: ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കോടികള്‍ ഒഴുക്കി നടന്ന തെരഞ്ഞെടുപ്പ് പ്രചരണം ഇഡിയുടെ കുരുക്കിലേയ്ക്ക്. ഒരു ഡിവിഷനില്‍ മാത്രം 10 കോടിയോളം മുടക്കി നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പിന്നിലെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കാനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം.
സംസ്ഥാനത്തെ പ്രമുഖ മുന്നണികളുടെ ഭാഗമല്ലാതിരുന്നിട്ടും ഈ ഡിവിഷനില്‍ മത്സരിച്ച സ്ഥാനാര്‍ഥി പ്രചരണത്തിനായി കോടികള്‍ ഒഴുക്കുകയായിരുന്നു. 1.5 ലക്ഷം രൂപ മാത്രമാണ് ഇലക്ഷന്‍ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പ്രചരണത്തിനായി സ്ഥാനാര്‍ഥിക്ക് ചിലവഴിക്കാവുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനകള്‍ പ്രകാരം തന്നെ 10 കോടിയോളം ചിലവിട്ടതായാണ് സംശയം.
തമിഴ്‌നാട്ടിൽ ജയലളിത മരിച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടി ദിനകരന്‍ പക്ഷം വോട്ടിന് പണം മുടക്കിയ മോഡലില്‍ ഈ വാര്‍ഡിലും പണം ഒഴുകിയതായാണ് നിഗമനം. 4 വോട്ടുകള്‍ മാത്രമുള്ള ഒരു വീട്ടിലേയ്ക്ക് മാത്രം ആള്‍ക്കൊന്നിന് 5000 രൂപ പ്രകാരം 20000 രൂപ നല്‍കിയിട്ടുള്ളതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതുള്‍പ്പെടെ ഇഡി പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.
സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് മാത്രമായി 30 ലക്ഷം രൂപയും പെയ്‌ഡ്‌ ന്യൂസിനായി 55 ലക്ഷം രൂപയും ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാർത്ഥിക്ക് ഇതിനായുള്ള സാമ്പത്തിക സ്രോതസ് എന്താണെന്ന് വിശദമായി പരിശോധിക്കും.
വിവാദ ഡിവിഷനില്‍ ഈ സ്ഥാനാര്‍ഥിയുടെ പ്രചരണം പണക്കൊഴുപ്പിന്റെ ഉത്സവമായി മാറിയെന്ന് വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ തെരഞ്ഞെടുപ്പ് ചിലവിന്റെ അനുവദനീയ നിരക്കിനെക്കാള്‍ ബഹുമടങ്ങാണ് ഓരോ ഐറ്റത്തിനുമാത്രമായി ഒഴുകിയിട്ടുള്ളത്.
പോസ്റ്ററുകളുടെയും ഫ്ലക്സുകളുടെയും എണ്ണത്തില്‍ ജില്ലയില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു ഈ ഡിവിഷന്‍. ഫ്ലക്സുകളുടെ എണ്ണം അയ്യായിരത്തിനു മുകളിലായിരുന്നു. പോസ്റ്ററുകളും മറ്റ് മെറ്റീരിയല്‍സും പതിനായിരക്കണക്കിനായിരുന്നു.
ഇവയുടെ വിതരണത്തിനായി പോയവര്‍ക്ക് ദിവസക്കൂലിയും ആഘോഷമായ ചിലവുമായിരുന്നു വാഗ്ദാനം. എന്തായാലും തമിഴ്‌നാട് മോഡലില്‍ കേരളത്തിലെ ചില വാര്‍ഡുകളും ഇനി പ്രചരണ രംഗത്തെ പണക്കൊഴുപ്പിന്റെ പേരില്‍ അറിയപ്പെടാന്‍ ഒരുങ്ങുകയാണ്.

Related Articles

Back to top button