KeralaLatestThiruvananthapuram

ഓണ മുണ്ടിന്റെ നെയ്ത്ത് നിർത്തി ബാലരാമപുരം

“Manju”

ബാലരാമപുരം• കൈത്തറി ഗ്രാമമായ ബാലരാമപുരത്തെ നെയ്ത്തുപുരകളിലെ കുഴിത്തറികളിൽ സങ്കടകണ്ണീർ. ഓണമെത്തും മുമ്പു തന്നെ നൂറുകണക്കിന് തുണി വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് മഞ്ഞക്കോടിക്ക് നിറയെ ഓർഡർ ലഭിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ പേരിനു മാത്രമാണ് ആവശ്യക്കാർ. ഒരെണ്ണം പോലും വിറ്റുപോകാത്ത നെയ്ത്തുപുരകളുമുണ്ട്. നാൽപത് വർഷമായി മഞ്ഞമുണ്ട് നെയ്യുന്ന ബാലരാമപുരം നെല്ലിവിള ലക്ഷംവീട് കോളനി കെ.പി. നിവാസിൽ പുഷ്പ(54) ത്തിന് ഇത് ആദ്യാനുഭവം.

85 വർഷമായി പരമ്പരാഗതമായി മഞ്ഞക്കോടി നെയ്യുന്ന കുടുംബത്തിലെ അംഗമായ ബാലരാമപുരം സ്വദേശി രാജശേഖരനും ഇതുതന്നെയാണ് പറയാനുള്ളത്. അരനൂറ്റാണ്ടായി കുഴിത്തറികളിൽ മഞ്ഞമുണ്ട് നെയ്യുന്ന താന്നിമൂട് കോഴോട് വടക്കത്തല വീട്ടിൽ പ്രഭാവതിക്ക് 70 വയസിനിടെ ഇതാദ്യമായാണ് നെയ്ത മഞ്ഞമുണ്ടുകൾക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥ. പാരമ്പര്യ നെയ്ത്തുകാരായ സ്ത്രീകളാണ് മഞ്ഞ മുണ്ട് നിർമിക്കുന്നവരിൽ അധികവും. പ്രത്യേകം തയ്യാറാക്കിയ വെള്ള കഴിനൂൽ മഞ്ഞനിറവും പശയും ചേർത്ത് ഉണക്കിയെടുത്താണ് മഞ്ഞപ്പുടവയുടെ ഊടും പാവുമായി ഉപയോഗിക്കുന്നത്.

തിരുവോണ നാളിൽ കുഞ്ഞുങ്ങളെ ഉടുപ്പിക്കുന്നതിനും വിളക്കിൻ തുമ്പിൽ കെട്ടുന്നതിനും മൺമറഞ്ഞുപോയവരുടെ ഛായാചിത്രങ്ങളിൽ അണിയിക്കുന്നതിനുമൊക്കെയാണ് ഇത് ഉപയോഗിച്ചുപോരുന്നത്. ഓണം അടുക്കുന്നതോടെ തുണിക്കടകളിൽ മാത്രമല്ല തെരുവോരങ്ങളിലും ഇത് സുലഭമായി ലഭിക്കുമെന്നതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു. ഓണക്കോടിയെടുക്കുമ്പോൾ മഞ്ഞക്കോടി കൂടി എടുക്കുകയാണ് പലരുടെയും പതിവ്.പുത്തൻ മഞ്ഞമുണ്ട് നേരിട്ട് വാങ്ങാമെന്നതിനാൽ ബാലരാമപുരത്തിന്റെ തെരുവോരങ്ങളിലും നെയ്ത്തുപുരകളിലും ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു.

Related Articles

Back to top button