IndiaKeralaLatest

കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു

“Manju”

കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയില്‍ നിന്നും പുതിയൊരു ദ്വീപ് ഉയര്‍ന്നു വരുന്നുവെന്ന് റിപ്പോര്‍ട്ട്. എട്ട് കിലോമീറ്റര്‍ നീളം, മൂന്നര കിലോമീറ്റര്‍ വീതി എന്നിവയാണ് കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ടയുടെ സവിശേഷത. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പമാണ് ഇതിനുള്ളതെന്നതും ശ്രദ്ധേയം. 2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണ് കൊച്ചി തീരത്തെ ഈ പുതിയ മണല്‍ത്തിട്ടയെ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയത്.
കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള മണല്‍ത്തുരുത്ത് 21 അടി താഴ്ചയിലേക്ക് ഉയര്‍ന്നതോടെയാണ് വിദഗ്ധര്‍ ഇവയെ പഠനവിധേയമാക്കാനൊരുങ്ങിയത്. തിട്ടയില്‍ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് പരിശോധിക്കാന്‍ തയ്യാറടുത്തിരിക്കുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തെ കുറിച്ച്‌ പഠിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട് ഫിഷറീസ് വകുപ്പിന് സമര്‍പ്പിക്കുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല അറിയിച്ചു.
അതേസമയം ചെല്ലാനത്ത് നിന്നൂര്‍ന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്നാണവരുടെ ആവശ്യം. എന്തായാലും ഖനനത്തിന് പറ്റുന്ന മണല്‍ നിക്ഷേപമാണ് മണല്‍ത്തിട്ടയുടെ രൂപത്തില്‍ ഉരുത്തിരിഞ്ഞതെങ്കില്‍ കോടികളുടെ ഖനന സാധ്യതകളാണ് തുറക്കപ്പെടുക.

Related Articles

Check Also
Close
Back to top button