InternationalLatest

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ആരംഭിച്ച് ചൈന

“Manju”

കൊല്‍ക്കത്ത : ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തതോടെ അരുണാചല്‍ പ്രദേശിലെ തവാങ്ങിലേക്കുള്ള റയില്‍വേ ലൈനിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ. തവാങ്ങ് റയില്‍വേ സ്റ്റേഷനുള്ള സ്ഥലം കണ്ടെത്തുന്നതിനായുള്ള സൈറ്റ് വിസിറ്റ് ഈ മാസം നടക്കും.
ഇന്ത്യ അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ അതിവേഗ റയില്‍പ്പാത ഇന്ത്യയ്ക്കും ആശങ്കകളുണ്ടാക്കുന്നുണ്ട്. അരുണാചല്‍ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ മുന്‍പും തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സമീപകാലത്തായി അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച്‌ ചൈന നൂറിലധികം വീടുകളുള്ള ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ടിബറ്റിലെ നൈന്‍ഗ്ചി വരെയുള്ള അതിവേഗ പാതയില്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ബുള്ളറ്റ് ട്രെയിനാണ് കഴിഞ്ഞയാഴ്ച ചൈന ഓടിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചൈന ഈ റയില്‍വേ ലൈന്‍ തുറന്നത്. 5.7 ദശലക്ഷം യുഎസ് ഡോളര്‍ ചെലവിട്ടുള്ള അതിവേഗ റയില്‍പ്പാത അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൈനയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നുകൂടിയാണ്.
ഈ പാതയുടെ 75 ശതമാനം തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ്. 121 പാലങ്ങളും 47 തുരങ്കങ്ങളുമാണ് ടിബറ്റ് തലസ്ഥാനമായ ലാസ മുതല്‍ ഇവിടേക്കുള്ള 435.5 കിലോമീറ്റര്‍ പാതയിലുള്ളത്.

Related Articles

Back to top button