IndiaLatest

ബി എസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി നല്‍കി കര്‍ണാടക സര്‍ക്കാര്‍

“Manju”

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിയമസഭാംഗം ആണെന്നത് ഒഴിച്ചാല്‍ സര്‍ക്കാരില്‍ മറ്റു ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരു മുന്‍മുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കര്‍ണാടകയില്‍ ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങള്‍ നല്‍കുന്നത്. ശമ്പളത്തിന് പുറമേ മാസം ഒരു ലക്ഷം രൂപ വരെ വീട്ടുവാടക, ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങാന്‍ 21 ലക്ഷം, പ്രതിവര്‍ഷം 1000 ലിറ്റര്‍ ഇന്ധനം, വീട്ടിലും ഔഫീസിലും സൗജന്യ ടെലിഫോണ്‍ കണക്ഷന്‍ തുടങ്ങിയ നിരവധി അലവന്‍സുകളും സൗകര്യങ്ങളും കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിമാര്‍ക്കുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവയെല്ലാം ഇനിമുതല്‍ യെദ്യൂരപ്പയ്ക്കും ലഭിക്കും.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ തന്നെ യെദ്യൂരപ്പ തുടര്‍ന്നേക്കുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് പദവി നല്‍കിയ തീരുമാനം നികുതിദായകരുടെ പണം പാഴാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആക്ഷേപിച്ചു. മന്ത്രിസഭയുടെ ഭാഗമല്ലാത്ത ഒരാള്‍ക്കുവേണ്ടി എന്തിനാണ് ലക്ഷങ്ങള്‍ ചെലവഴിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. നേരത്തെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുഫലം കണ്ടിരുന്നില്ല.

Related Articles

Back to top button