KeralaLatest

ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു; അടുത്ത രഞ്ജി സീസണോടെ താരം കളിക്കളത്തില്‍

“Manju”

തിരുവനന്തപുരം: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു . അടുത്ത രഞ്ജി സീസണോടെ ശ്രീശാന്ത് കളിക്കളത്തില്‍ സജീവമാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. സെപ്‌റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിക്കും. ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന കടമ്പയെന്ന് കെ.സി.എ സെക്രട്ടറി പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ തിരികെ എത്താന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. കേരള ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കും വഴിതുറക്കും. താന്‍ ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട മലയാളി താരമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ സജീവസാന്നിദ്ധ്യമായിരുന്ന സമയത്താണ് ഒത്തുകളി ആരോപണം ശ്രീശാന്തിനു തിരിച്ചടിയായത്. ടെസ്റ്റില്‍ നൂറ് വിക്കറ്റുകള്‍ തികയ്ക്കുക എന്നതാണ് നിലവില്‍ ശ്രീശാന്തിന്റെ ആഗ്രഹം.

2013ലെ ഐ.പി.എല്‍ സീസണില്‍ വാതുവയ്‌പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.സി.സി.ഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ ഓംബുഡ്‌സ്‌മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്‌ക്കുകയായിരുന്നു. ഇതനുസരിച്ച്‌ ഈ സെപ്റ്റംപര്‍ മുതല്‍ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.

Related Articles

Back to top button