KeralaLatest

കലാസാംസ്കാരിക പ്രസ്ഥാനങ്ങൾ മാനവീകതയുടെ പ്രചാരകർ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
പ്രിയദർശിനി കലാസാംസ്കാരിക വേദിയുടെ സെമിനാറിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു

ക്ലാപ്പന (കരുനാഗപ്പള്ളി) : കലാസാംസ്കാരിക പ്രസ്ഥാനങ്ങൾ മാനവീകതയുടെ പ്രചാരകരാണെന്നും, കലുഷിതമായ മനസ്സുകളെ വിമലീകരിക്കുന്നതിന് കൂട്ടായ്മയിലൂടെ നമുക്ക് സാധിക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദി & ഗ്രന്ഥശാലയുടെ പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതം, മനുഷ്യൻ, മാനവീകത എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്കാരത്തിന്റെ അടയാളമാണ് അവിടുത്തെ സാംസ്കാരിക കലാസംഘടനകൾ, സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ്മയാണ ത്. ആ കൂട്ടായ്മയിൽ മാനവീകതയും മതാതീതയും മനുഷ്യത്വവും ഉയർന്നുവരുമ്പോഴാണ് മനുഷ്യൻ എന്ന വാക്കിന് അർത്ഥമുണ്ടാകുന്നത്. മനുഷ്യൻ തന്നിലേക്ക് തന്നെ ഇറങ്ങിവരുമ്പോൾ സ്വയം അപഗ്രഥനം ഉണ്ടാകുന്നു, അത് വീണ്ടുവിചാരത്തിന്റേതാണ്. സമഭാവനയിലൂടെ, പ്രിയത്തോടെ എല്ലാവരേയും ദർശിക്കുക.. ജാതിമത വർണ്ണ വർഗ്ഗങ്ങൾക്കതീതമായ സമഭാവനയാണ് എല്ലാമനുഷ്യരേയും ഒന്നിപ്പിക്കുന്നതിന് വേണ്ടതെന്നും അതാണ് മാനവീകതയെന്നും സ്വാമി പറഞ്ഞു. പ്രിയദർശിനി വയോജനസമിതിയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. വയോജനവേദി പ്രസിഡന്റ് ഒ.ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു. ജംഇയത്തുൽ ഉലമ എ ഹിന്ദ്കേരള ഘടകം ജനറൽ സെക്രട്ടറി ഉസ്താദ് അലിയാർ മൗലവി അൽഖാസിമി ലൂർദ്ദ്പുരം പാരിഷ് വികാരി ഫാ.ലാസർ എസ്. പട്ടകടവ്, കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ എംഅൻസാർ എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു. എന്റെ റേഡിയോ 91.2 മാനേജിംഗ് ഡയറക്ടർ അനിൽ മുഹമ്മദ് വിഷയാവതരണം നടത്തി.
ഗ്രന്ഥശാല ആക്ടിംഗ് സെക്രട്ടറി ആർ.കെ. അഭിലാഷ് സ്വാഗതം ആശംസിച്ച സെമിനാറിന് വയോജനവേദി വൈസ് പ്രസിഡന്റ് സലിം തോപ്പിൽ നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button