പാലക്കാട് : പെരിങ്ങോട്ടുകുറുശ്ശി : സ്കൂട്ടര്‍ ഓടിക്കാനുള്ള ഒമ്പതാം ക്ലാസുകാരന്റെ അതിയായ മോഹത്തിനൊടുവില്‍ പിറവിയെടുത്തത് വാഹന കമ്പനികള്‍ക്ക്പോലും കേട്ടുകേള്‍വിയില്ലാത്ത പുതിയ ഒരിനം. പെരിങ്ങോട്ടുകുറുശ്ശി ചൂലന്നൂര്‍ സ്വദേശിയായ ആദിത്താണ് സ്കൂട്ടര്‍ ഓടിക്കാന്‍ പ്രായം തടസ്സമായപ്പോള്‍ നാട്ടിലെ താരമായ ‘ചേസെ‘ക്ക് ജന്മം നല്‍കിയത്.
കാഴ്ചക്ക് സ്കൂട്ടറാണെങ്കിലും നിരവധി പ്രത്യേകതകളുണ്ടിതിന്. പെട്രോള്‍ വേണ്ട, രജിസ്ട്രേഷന് വേണ്ട, ഇന്‍ഷുറന്‍സ് അടക്കേണ്ട. ചേതക് സ്കൂട്ടറിന്റെ ചുരുക്കപ്പേര് നല്കിയതും ആദിത്താണ്.
ചേസെ ഒറ്റനോട്ടത്തില്‍ സ്കൂട്ടറാണെന്നേ തോന്നൂ. പിന്‍വശം കണ്ടാലേ ധാരണ തിരുത്താനാകൂ. നാട്ടുകാര്‍ക്ക് മാത്രമല്ല, ചെറിയ ചെക്കന് ചെത്തിപ്പൊളിച്ച് വരുന്നത് കണ്ട് പൊലീസുകര്‍ക്ക് വരെ അമളി പറ്റിയിട്ടുണ്ട്. കൈ കാണിച്ചു നിര്‍ത്തി പരിശോധിക്കുമ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്.
സൈക്കിള്‍ നിര്‍മിക്കാന്‍ 7,000 രൂപ ചെലവായെന്ന് ആദിത് പറഞ്ഞു. ചേസെയില് സംസ്ഥാനം ചുറ്റണമെന്ന തീരുമാനത്തിലാണ് ചൂലന്നൂര്‍ മുരളികയില്‍ മുരളീധരന്റെയും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സനായ സുചിതയുടെയും മകനായ ആദിത്. മായന്നൂര്‍ ജവഹര്‍ നവോദയ സ്കൂള്‍ വിദ്യാര്‍ഥിയാണ്.