ErnakulamKeralaLatest

കൂട്ട പിരിച്ചുവിടല്‍ : മുത്തൂറ്റ്‌ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്‌

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന്, ചൊവ്വാഴ്ച ലേബര്‍ കമീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും മാനേജ്മെന്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമരം. ഹൈക്കോടതി നിര്‍ദേശപ്രകാരം വിളിച്ച ഇത്തവണത്തെ യോഗത്തിലും എംഡി പങ്കെടുത്തില്ല. പ്രതിനിധികളെ അയക്കുകമാത്രമാണ് ചെയ്തത്.

ബുധനാഴ്ച ഹെഡ് ഓഫീസിനുമുന്നിലും ജില്ലാ ഓഫീസുകള്‍ക്കുമുന്നിലും തൊഴിലാളികള്‍ സമൂഹ്യ അകലം പാലിച്ച്‌ ധര്‍ണ സംഘടിപ്പിക്കുമെന്ന് യൂണിയന്‍ അറിയിച്ചു. ഹെഡ് ഓഫീസിനുമുന്നില്‍ രാവിലെ 10ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ 568 ശാഖകള്‍ ഉള്‍പ്പെടെ എല്ലാ ഓഫീസുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 3168 കോടി രൂപയുടെ ലാഭവും കമ്പനി നേടി. ഈ സാഹചര്യത്തില്‍ പിരിച്ചുവിട്ട എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കണമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പിരിച്ചുവിടലിന്റെ ഭാഗമായി പൂട്ടിയ തൊടുപുഴ റീജണല്‍ ഓഫീസിലെ എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കുകയും ചിലര്‍ക്ക് പ്രൊമോഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 164 പേരുടെ കാര്യത്തില്‍ മാനേജ്മെന്റ് ഒളിച്ചുകളിക്കുകയാണെന്നും യൂണിയന്‍ ആരോപിച്ചു.
കോടതി നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് യോഗത്തിനുശേഷം ലേബര്‍ കമീഷണര്‍ പറഞ്ഞു. ഹൈക്കോടതി 29ന് കേസ് വീണ്ടും പരിഗണിക്കും. അഡീഷണല്‍ ലേബര്‍ കമീഷണര്‍ ഇ കെ സുനില്‍, അഡ്വ. ലിജി പി വടക്കേടം, സിഐടിയു നേതാക്കളായ കെ ചന്ദ്രന്‍പിള്ള, കെ എന്‍ ഗോപിനാഥ്, സി കെ മണിശങ്കര്‍, യൂണിയന്‍ നേതാക്കളായ സി സി രതീഷ്, നിഷ കെ ജയന്‍, ശരത് ബാബു, നിജ രൂപേഷ്, മാനേജ്മെന്റിനുവേണ്ടി സി വി ജോണ്‍, തോമസ് വി ജോണ്‍, ബാബു ജോണ്‍ മലയില്‍, പ്രഭ ഫ്രാന്‍സിസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button