IndiaLatest

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്

“Manju”

ന്യൂഡല്‍ഹി: നവംബര്‍ 25ന് നോയിഡയില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്. ജേവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലിനാണ് പ്രധാനമന്ത്രി നോയിഡയിലെത്തുന്നത്. കറുത്ത വസ്ത്രങ്ങള്‍, തൊപ്പികള്‍, മാസ്‌കുകള്‍ എന്നിവ ധരിക്കരുതെന്നാണ് അധികൃതര്‍ പുറത്തിറക്കിയ നിര്‍ദേശം. ഡ്രോണുകള്‍ പറത്തുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി എത്തുന്നതിന്റെ മുന്നോടിയായി 23ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തും. മോദിയുടെ പരിപാടിക്കായി യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും പുറമേ, സംസ്ഥാന വ്യവസായ വികസന മന്ത്രി സതീഷ് മഹാന, അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്നിഷ് അശ്വതി, ജില്ലാ കളക്ടര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലും ധാബകളിലും താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സുരക്ഷയും ശക്തിപ്പെടുത്തി. പ്രധാനമന്ത്രിക്കായി എസ്പിജി, എടിഎസ്, പാരാമിലിറ്ററി, പൊലീസ് എന്നിവയുടെ ചതുര്‍ശ്രേണി സുരക്ഷയാണ് ഒരുക്കുന്നത്.

മുവ്വായിരം ഹെക്ടര്‍ സ്ഥലത്താണ് ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നത്. 20,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പതിനായിരം കോടി രൂപ മുതല്‍മുടക്കില്‍ ആയിരം ഹെക്ടറിലായിരിക്കും ആദ്യഘട്ടം യാഥാര്‍ഥ്യമാവുക. ഡല്‍ഹിയില്‍ 2020 ഓടെ 9.1 കോടി യാത്രക്കാരും 2024-ഓടെ 10.9 കോടി യാത്രക്കാരുമാവുമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ജി.എം.ആര്‍. ഗ്രൂപ്പിനാണ് ജേവര്‍ വിമാനത്താവളത്തിന്റെയും നിര്‍മാണച്ചുമതല.

Related Articles

Back to top button