KeralaLatest

പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; നഗര മേഖലകളില്‍ ആദ്യ മണിക്കൂറില്‍ ജനജീവിതം സാധാരണം

“Manju”

തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ തുടങ്ങി. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ എല്ലാം ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. മറ്റിടങ്ങളില്‍ സാധാരണ നിലയിലാണ് ജനജീവിതം. പ്രവര്‍ത്തര്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ബോധപൂര്‍വ്വം എത്തിയിട്ടില്ല. കെ എസ് ആര്‍ ടി സി അടക്കം സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍െ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതിന് ശേഷം ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമോ എന്ന സംശയം ശക്തമാണ്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കടകള്‍ അടയ്ക്കണമെന്ന് നേതാക്കള്‍ വ്യാപാരികളോട ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ ഈ മേഖലകളില്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. എല്ലാ ജില്ലകളിലും ആദ്യ മണിക്കൂറില്‍ ഹര്‍ത്താല്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ല.
ഹര്‍ത്താല്‍ പ്രഖ്യാപനം കാരണം നിരത്തുകളില്‍ വലിയ തിരക്കില്ലെന്നതാണ് വസ്തുത. ദീര്‍ഘദൂര ബസുകളില്‍ അടക്കം ആളുകള്‍ കുറവാണ്. വാഹനങ്ങള്‍ തടയില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞിരുന്നു. ആരുടേയും കട നിര്‍ബന്ധിച്ച്‌ അടപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് വസ്തുതയായി മാറിയാല്‍ ഹര്‍ത്താല്‍ വലിയ പ്രശ്‌നം ഉണ്ടാകില്ല. അതിനിടെ ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

Related Articles

Back to top button