മൂന്നു അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
സിന്ധുമോള്‍ ആര്
വാളയാര്‍: പാലക്കാട് കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണു മരിച്ചത്. ട്രെയിന്‍ തട്ടിയാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഹരിയോം കുനാല്‍ മരിച്ച നിലയിലും ബാക്കി രണ്ടു പേര് ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തില്‍ ആറു സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സും തൊഴിലാളികള്‍ അടിച്ചുതകര്‍ത്തു.