International

കളഞ്ഞ സമ്മാന ടിക്കറ്റ് മടക്കി നൽകി ഇന്ത്യൻ കുടുംബം

“Manju”

ന്യൂയോർക്ക് : സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ കോടികളുടെ മൂല്യമുള്ള ലോട്ടറി ടിക്കറ്റ് മടക്കി നൽകിയ ഇന്ത്യൻ കുടുംബത്തിന് അമേരിക്കയിൽ അഭിനന്ദന പ്രവാഹം. ഏഴേകാൽ കോടി രൂപയുടെ ടിക്കറ്റാണ് അർഹതപ്പെട്ട സ്ത്രീയ്ക്ക് തിരികെ നൽകിയത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലാണ് സംഭവം.

സ്ഥലത്ത് ലക്കി സ്‌പോട്ട് സ്‌റ്റോർ എന്ന കട നടത്തുന്ന ഇന്ത്യക്കാരൻ മൗനിഷ് ഷായും കുടുംബവുമാണ് മറ്റുള്ളവർക്ക് മാതൃകയായത്. കടയിൽ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങിയ ലിയ റോസ് ഫിഗ എന്ന സ്ത്രീ സമ്മാനം ലഭിച്ചില്ല എന്ന ധാരണയിൽ ടിക്കറ്റ് കളയാൻ കടയിൽ നൽകുകയായിരുന്നു. ദിവസങ്ങളോളം ടിക്കറ്റ് അവിടെത്തന്നെ ഇരുന്നു. പിന്നീട് മൗനിഷ് ഷായുടെ മകൻ അഭി ഷാ നോക്കുന്നതിനിടെയാണ് ടിക്കറ്റ് ലഭിച്ചത്. അത് സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോൾ മസാച്ചുസെറ്റ്‌സ് സ്റ്റേറ്റ് ലോട്ടറിയുടെ ഡയമണ്ട് ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചതായി കണ്ടെത്തി. വിവരം അറിഞ്ഞ് രണ്ട് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് മൗനിഷ് ഷാ പറയുന്നു.

തുടർന്ന് ഇന്ത്യയിലുള്ള മാതാപിതാക്കളെ വിളിച്ച് കാര്യം പറഞ്ഞു. ടിക്കറ്റ് കയ്യിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും അത് അർഹതപ്പെട്ടവർക്ക് നൽകണമെന്നും മാതാപിതാക്കൾ ഉപദേശിച്ചതായി മൗനിഷ് ഷാ പറയുന്നു. തുടർന്ന് ടിക്കറ്റ് വാങ്ങിയ സ്ത്രീയെ സമ്മാനം ലഭിച്ച കാര്യം അറിയിച്ചു. സമ്മാനം ലഭിച്ചതറിഞ്ഞ് ലിയ റോസ് ഫിഗ സന്തോഷം കൊണ്ട് കരയുകയാണ് ചെയ്തത്. ഇപ്പോൾ ഈ ഇന്ത്യൻ കുടുംബമാണ് അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.

Related Articles

Back to top button