KeralaLatest

ഹിന്ദി ഭാഷയില്‍ പ്രാവീണ്യം നേടല്‍ അനിവാര്യം

“Manju”

കോഴിക്കോട്: ദേശീയ ഭാഷയായ ഹിന്ദിയില്‍ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ മാനസിക നിലവാരം മനസിലാക്കി പെരുമാറാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഹിന്ദി ഭാഷയെ സ്നേഹിക്കാന്‍ നമുക്കാകണം. സുരീലി പരിശീലന പരിപാടിയില്‍ അധ്യാപകര്‍ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കണം. ഹിന്ദി ഭാഷയെ കൂടുതല്‍ അടുത്തറിയാന്‍ ഇതുവഴി സാധ്യമാകും. നിര്‍ബന്ധിത സാഹചര്യമായതിനാല്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുമായി പൊരുത്തപ്പെട്ടു . വിദ്യാര്‍ഥികളുടെ സഹജമായ കൂട്ടായ്മയ്ക്ക് ഓഫ് ലൈന്‍ ക്ലാസുകളാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.

2016-17 അധ്യയന വര്‍ഷമാണ് സര്‍വശിക്ഷാ അഭിയാന്‍ സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടി ആരംഭിച്ചത്. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് റിസോഴ്സ് സെന്ററു (ബി .ആര്‍ .സി) കളിലെ പ്രൈമറി വിഭാഗം ഹിന്ദി അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ആദ്യ ശില്‍പശാലകള്‍ സംഘടിപ്പിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ മൊഡ്യൂളുകള്‍ രൂപപ്പെടുത്തി പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ശില്പശാലകള്‍ നടത്തി .
ക്ലാസ് മുറികളില്‍ ഹിന്ദി ഭാഷ സ്വാഭാവികമായ രീതിയില്‍ പ്രയോഗിക്കാന്‍ ആത്മ വിശ്വാസം നല്‍കുക എന്നതായിരുന്നു സുരീലി ഹിന്ദി ശില്പശാലകളുടെ ലക്ഷ്യം.

ഇക്കുറി കവിതകള്‍, കഥകള്‍, ലഘു നാടകങ്ങള്‍, പാവനാടകം എന്നിവ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ പിന്തുണ ഉറപ്പു വരുത്തുന്ന ഡിജിറ്റല്‍ മൊഡ്യൂളുകളാണ് സുരീലി ഹിന്ദി പാക്കേജില്‍ തയ്യാറാക്കിയിട്ടുള്ളത്. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഹിന്ദി ഭാഷയോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുക, സാഹിത്യാഭിരുചി വളര്‍ത്തുക, വിദ്യാര്‍ഥികളിലെ സര്‍ഗാത്മകത വളര്‍ത്തുക എന്നിവയും സുരീലി ഹിന്ദിയുടെ ലക്ഷ്യമാണ്.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി.മിനി അധ്യക്ഷത വഹിച്ചു. യുആര്‍സി സൗത്ത് ട്രെയിനര്‍ പി.സുഭാഷ് പദ്ധതി വിശദീകരിച്ചു. എസ്‌എസ് കെ ജില്ലാ പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍ കെ.എന്‍.സജീഷ് നാരായണന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷീബ വി.ടി ,ബ്ലോക്ക് പ്രൊജക്‌ട് കോഡിനേറ്റര്‍മാരായ പി.അഭിലാഷ് കുമാര്‍, വി.ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button