IndiaLatest

നിരത്തിലേക്ക് എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ഇന്നോവ

“Manju”

 

ന്യൂഡല്‍ഹി: പൂര്‍ണമായും എഥനോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ ഇന്ത്യൻ നിരത്തുകളിലേക്ക്. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്നോവയുടെ എഥനോള്‍ വേരിയന്റ് ചൊവ്വാഴ്ച പുറത്തിറക്കുമെന്നു കേന്ദ്ര റോഡ് ട്രാൻസ്പോര്‍ട്ട്ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

ലോകത്തെ ആദ്യ ഭാരത് സ്റ്റേജ് സിക്സ് (സ്റ്റേജ് രണ്ട്) ഇലക്‌ട്രിഫൈഡ് ഫ്ളകസ് ഫ്യൂവല്‍ വെഹിക്കിളായിരിക്കും ഇത്. 2004ല്‍ രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചതിനുശേഷമാണു ജൈവ ഇന്ധനങ്ങളെക്കുറിച്ചു താൻ ചിന്തിച്ചുതുടങ്ങിയതെന്നും ബ്രസീലില്‍ താൻ നടത്തിയ സന്ദര്‍ശനം ഇതിനു പ്രേരണയായെന്നും ഗഡ്കരി പറഞ്ഞു.

ജൈവഇന്ധനം അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമൂലമുള്ള ചെലവു കുറയ്ക്കാനാകുമെന്നും ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണു കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ കാര്‍ പുറത്തിറക്കുന്നത്. നിലവില്‍ പരന്പരാഗത ഇന്ധനങ്ങളുടെ ഉയര്‍ന്ന വിലകാരണം ആളുകള്‍ ഇലക്‌ട്രിക് വാഹനങ്ങളിലേക്കും സിഎൻജിയിലേക്കും ചേക്കേറുകയാണ്.

എന്നാല്‍, ഇവയ്ക്കു വലിയ ചെലവുണ്ട്. ഇതിനു പരിഹാരമായി കൂടിയാണ് ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.

20 ശതമാനം എഥനോള്‍ കലര്‍ത്തിയുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ വിപണിയിലെത്തുന്നത്.

2025 ആകുമ്പോഴേക്കും പെട്രോളില്‍ എഥനോളിന്‍റെ അളവ് 20 ശതമാനമായി വര്‍ധിപ്പിക്കാനാണു കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. ഏഥനോളിന്റെ മിശ്രിതം വരുന്നതോടെ ഇതില്‍ വലിയ തോതില്‍ കുറവുവരുത്താനും രാജ്യത്തിനാകും.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രകൃതി സൗഹൃദ ഇന്ധനനയത്തിന്‍റെ ഭാഗമായി കേരളത്തിലെ പന്പുകളില്‍ 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളാണു ലഭിക്കുന്നത്. മലിനീകരണം കുറയ്ക്കുമെന്നതാണ് ഇതുകൊണ്ടുള്ള പ്രധാന നേട്ടം.

ജൈവ ഇന്ധനമായ എഥനോള്‍ പഞ്ചസാര വ്യവസായത്തിന്‍റെ ഉപോത്പന്നമാണ്. വെള്ളത്തില്‍ ലയിക്കുന്നതും പ്രകൃതിക്കു കാര്യമായ ദോഷമുണ്ടാക്കാത്തതുമാണ്. 35 ശതമാനം ഓക്സിജൻ അടങ്ങിയിട്ടുണ്ട്.

അതേസമയം, എഥനോള്‍ പെട്ടെന്നു വെള്ളവുമായി കലരുമെന്നതിനാല്‍ ഇന്ധന ടാങ്കില്‍ വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ വാഹനങ്ങള്‍ക്കു കേടുപാടുണ്ടാകാൻ സാധ്യതയുണ്ട്.

 

 

Related Articles

Back to top button