Latest

വീണ്ടും അർമേനിയ- അസർബൈജാൻ സംഘർഷം ; മൂന്ന് മരണം

“Manju”

ബാക്കു : ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും അർമേനിയ- അസർബൈജാൻ സംഘർഷം. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് അർമേനിയൻ സൈനികർ കൊല്ലപ്പെട്ടു. അർമേനിയൻ പ്രതിരോധ മന്ത്രാലയമാണ് വീണ്ടും സംഘർഷമുണ്ടായ വിവരം അറിയിച്ചത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിൽ രണ്ട് അർമേനിയൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെ അസർബൈജാൻ സൈന്യം വെടിയുതിർക്കുകയായിരുന്നു. മേഖലയിൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് അസർബൈജാന്റെ ശ്രമമെന്നും അർമേനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം അർമേനിയയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് അസർബൈജാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. അനാവശ്യമായി പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് അർമേനിയ അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അസർബൈജാൻ അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും അതിർത്തി മേഖലയായ നാഗൊർനോ- കരാബക്കിന് വേണ്ടിയുള്ള പോരാട്ടമാണ് കാൽനൂറ്റാണ്ടായി തുടരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ സംഘർഷത്തിൽ 1,119 സൈനികർക്കാണ് ജീവൻ നഷ്ടമായത്.

Related Articles

Back to top button