IndiaKeralaLatest

ബാംഗ്ലൂരിലേക്ക് വരുന്നവര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് നിര്‍ബന്ധം

“Manju”

ബെംഗളൂരു: കൊറോണ രോഗമില്ല എന്ന റിപ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് മാത്രമേ ഏപ്രില്‍ ഒന്ന് മുതല്‍ ബെംഗളൂരുവിലേക്ക് പ്രവേശനമുണ്ടാകൂ എന്ന് കര്‍ണടാക സര്‍ക്കാര്‍. ആര്‍ടിപിസിആര്‍ പരിശോധന നടത്തി രോഗമില്ല എന്ന റിപ്പോര്‍ട്ട് ആവശ്യമാണ്. ബെംഗളൂരുവില്‍ രോഗ വ്യാപന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണം. ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 60 ശതമാനവും പല സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തവരുമാണ്. അതുകൊണ്ടാണ് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് രോഗമില്ല എന്ന പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.

നഗരത്തില്‍ രോഗമുള്ളവരെ കണ്ടെത്തിയാല്‍ കൈയ്യില്‍ ക്വാറന്റൈന്‍ മുദ്ര പതിക്കും. 20-40 വയസുള്ളവരിലാണ് കൊറോണ രോഗം ബെംഗളൂരുവില്‍ കൂടുതലായി കാണുന്നത്. ക്വാറന്റൈല്‍ കാലയളവില്‍ ഇവര്‍ പുറത്തിറങ്ങി നടക്കുന്നില്ല എന്ന് ഉറപ്പാക്കാനാണ് മുദ്ര പതിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. മാസ്‌കില്ലാത്തവര്‍ക്ക് 250 രൂപ പിഴയീടാക്കും. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും പിഴയിടും.

പൊതുപരിപാടികളും വിവാഹ ചടങ്ങുകളും തുറസായ സ്ഥലത്ത് നടത്താം. 500ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. എന്നാല്‍ ഓഡിറ്റോറിയം പോലുള്ള അടച്ചിട്ട സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ നടത്തുമ്ബോള്‍ 200 പേരില്‍ കൂടാന്‍ പാടില്ല. ജന്മദിനാഘോഷങ്ങള്‍ക്ക് 100 പേരില്‍ കൂടരുത്. അടച്ചിട്ട സ്ഥലത്താണെങ്കില്‍ 50 പേരില്‍ കൂടരുത്.

സംസ്‌കാര ചടങ്ങില്‍ തുറസായ സ്ഥലത്ത് 100 പേര്‍ക്കും മറ്റുള്ളിടത്ത് 50 പേര്‍ക്കും പങ്കെടുക്കാം. മാത്രമല്ല, ഹോളി, ദുഃഖ വെള്ളി, ബറാഅത്ത് ദിനം തുടങ്ങിയ ആഘോഷങ്ങളില്‍ ആളുകള്‍ കൂടുന്നത് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 2000ത്തിലധികം പേര്‍ക്കാണ് ബെംഗളൂരുവില്‍ കൊറോണ രോഗം ബാധിച്ചത്. തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button