IndiaLatest

കോവിഡ് രഹിത പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

“Manju”

മുംബൈ: സംസ്ഥാനത്ത് സ്​കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച്‌ മഹാരാഷ്​ട്ര സര്‍ക്കാര്‍. ഒരു മാസത്തിലേറെയായി ഒറ്റ കോവിഡ്​ കേസുപോലും റിപ്പോര്‍ട്ട്​ ചെയ്യാത്ത സ്​ഥലങ്ങളിലാണ് ഈ തീരുമാനം. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളിലാണ്​ ജൂ​ലൈ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക. പുതുക്കിയ സര്‍ക്കാര്‍ പ്രമേയപ്രകാരമാണ്​ മഹാരാഷ്​ട്ര സ്​കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഒരു മാസത്തിലേറെയായി ഒറ്റ കോവിഡ്​ കേസുപോലും റിപ്പോര്‍ട്ട്​ ചെയ്യാത്ത ഇടങ്ങളിലാകും സ്​കൂളുകള്‍ തുറക്കുക. കൂടാതെ മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ പഠനം ആരംഭിക്കാവൂവെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ കോവിഡ്​ മാനദണ്ഡങ്ങളും പാലിച്ചാകും സ്​കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുക . വിദ്യാര്‍ഥികളുടെ താപനില പരിശോധനയടക്കം കഴിഞ്ഞതിന്​ ശേഷമാകും സ്​കൂളുകളില്‍ പ്രവേശിപ്പിക്കുക. കൂടാതെ ഒരു ക്ലാസില്‍ 20 വിദ്യാര്‍ഥികളെ മാത്രമായിരിക്കും പ്രവേശനം. സാമൂഹിക അകലവും ഉറപ്പുവരുത്തും. വിദൂര പഠനവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കോവിഡ്​രഹിത ഗ്രാമങ്ങളിലെ സ്​കൂളുകള്‍ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന്​ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്​ മഹാരാഷ്​ട്ര മന്ത്രി വര്‍ഷ ഗായ്​ക്​വാദ്​ കൂട്ടിച്ചേര്‍ത്തു .

സ്​കൂള്‍ തുറക്കുന്നതിന്​ മുന്നോടിയായി എല്ലാ അധ്യാപകരും ജീവനക്കാരും കോവിഡ് വാക്​സിന്‍ സ്വീകരിക്കണം. മൂന്നാംതരംഗത്തെക്കുറിച്ച്‌​ സര്‍ക്കാരിന്​ ബോധ്യമുള്ളതായും അതിനാല്‍ യാതൊരുവിധ അലസതയും പാടില്ലെന്നും അവര്‍ പറയുന്നു. കോവിഡ് മുക്തമായ മേഖലകള്‍ തീരുമാനിക്കുന്നതിനായി കളക്​ടര്‍മാര്‍, സ്​കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ആരോഗ്യ വിദഗ്​ധര്‍ എന്നിവര്‍ അടങ്ങിയ എട്ടംഗ സമിതി രൂപീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്ത്​ തലവനായിരിക്കും സമിതിയെ നയിക്കുക. ജില്ലതലത്തിലും ഒരു കമ്മിറ്റി രൂപീകരിക്കും.

Related Articles

Back to top button