InternationalMusic

“എനിക്ക് കോവിഡില്ല, മാസ്ക് ധരിക്കുകയുമില്ല”, യു.എസ് വൈസ് പ്രസിഡന്റ്

“Manju”

രജിലേഷ് കെ.എം.

ന്യൂയോർക്ക്: കൊവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ വീണ്ടും ലംഘിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. കഴിഞ്ഞ ദിവസം പെൻസ് യു.എസിലെ പ്രമുഖ ആശുപത്രിയിലെത്തിയത് മാസ്ക് ധരിക്കാതെ. അതും പുറത്ത് നിന്നും വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ആശുപത്രി നിയമം വകവയ്ക്കാതെ. മിനിസോട്ടയിലെ മയോ ക്ലിനിക്കിൽ എത്തിയ സംഘത്തിൽ മാസ്ക് ധരിക്കാത്ത ഒരേ ഒരു വ്യക്തി പെൻസായിരുന്നു.

അതേസമയം, തങ്ങളുടെ ആശുപത്രിയിൽ മാസ്ക് ധരിച്ച് പ്രവേശിക്കണമെന്ന കാര്യം പെൻസിനെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും ഈ ട്വീറ്റ് പിന്നീട് പിൻവലിച്ചു. വൈറ്റ് ഹൗസിൽ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനെ നയിക്കുന്നത് പെൻസാണ്. പുറത്തിറങ്ങുന്നവർ രോഗവ്യാപനം തടയാൻ മാസ്ക് ധരിക്കണമെന്നാണ് യു.എസ് സർക്കാർ നിർദ്ദേശിക്കുന്നത്.

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡോ. സ്റ്റീഫൻ ഹാനുൾപ്പെടയുള്ള സംഘമാണ് ആശുപത്രിയിൽ പെൻസിനെ അനുഗമിച്ചത്. ഇവരെല്ലാം തന്നെ മാസ്ക് ധരിച്ചിരുന്നു. എന്തുകൊണ്ട് മാസ്ക് ധരിച്ചില്ല എന്ന ചോദ്യത്തിന് താനും തന്റെ ചുറ്റുമുള്ള ഉദ്യോഗസ്ഥരും കൊവി‌ഡ് ടെസ്റ്റുകൾ നിരന്തരം നടത്തുന്നുണ്ടെന്നായിരുന്നു പെൻസിന്റെ മറുപടി. വൈറസുള്ള ആളുകൾ മാസ്ക് ധരിക്കുന്നത് വഴി മറ്റൊരാളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നുവെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ മാർഗരേഖയിൽ പറയുന്നതെന്ന് പെൻസ് പറയുന്നു.

തനിക്കിതേവരെ വൈറസ് സാന്നിദ്ധ്യമില്ലെന്നും ആശുപത്രിയിലെത്തി ഗവേഷകരോടും ആരോഗ്യപ്രവർത്തകരോടും സംസാരിക്കാൻ കഴി‌ഞ്ഞതായും പെൻസ് ന്യായീകരിക്കുന്നു. ഈ മാസം ആദ്യം എയർ ഫോഴ്സ് ബിരുദധാനച്ചടങ്ങിനിടെയും പെൻസ് മാസ്കില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട് നാൾ മുതൽ ഇതേവരെ മാസ്ക് ധരിക്കാതെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൻസ് യാത്ര നടത്തുന്നതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നു.

വൈറ്റ് ഹൗസിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് തന്നെ പെൻസിന്റെ സഹായികളിൽ ഒരാൾക്കായിരുന്നു. മാർച്ച് അവസാനമാണ് ഇയാൾക്ക് കൊവിഡ് കണ്ടെത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തനിക്ക് മാസ്ക് ധരിക്കുന്നതിനോടുള്ള വിയോജിപ്പ് മുമ്പ് അറിയിച്ചത് വിവാദമായിരുന്നു.

Related Articles

Leave a Reply

Back to top button