KeralaLatest

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനു വീഴ്ചകള്‍ സംഭവിച്ചു : കെ.സുരേന്ദ്രന്‍

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ പുറത്തുവരുന്നതിലെ വിഭ്രാന്തി മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നവരുടെവായടപ്പിക്കാന്‍ നോക്കിയാല്‍ നടക്കില്ല. ഇത് ജനാധിപത്യമാണ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടപ്പെടുക തന്നെ ചെയ്യും. സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിരവധി അപാകതകളുണ്ട്. രോഗികളുടെ ശരിയായകണക്കുകള്‍ പുറത്തുവരുന്നില്ല. രോഗം സ്ഥിതീകരിക്കുന്നവരുടെ വിവരങ്ങള്‍ യഥാസമയം പുറത്തുവിടാതിരിക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ  അതിനായി കാത്തിരിക്കേണ്ടിവരുന്നു. പാലക്കാടും ഇടുക്കിയിലും ഇത്തരം വിഷയങ്ങളുണ്ടായി. പാലക്കാട് ഒരു പോലീസുദ്യോഗസ്ഥന് കോവിഡ് ഉണ്ടെന്ന് തെളിഞ്ഞത് നാലു ദിവസം മുമ്പാണ്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ അത് പ്രഖ്യാപിച്ചില്ല. കണക്കുകള്‍ കുറച്ചുകാണിച്ച് കേരളം നമ്പര്‍ വണ്ണാണെന്ന് വീമ്പടിക്കാനണത്. ഇത് വലിയ അപകടത്തിലേക്കാണ് എത്തിക്കുക. ഇത്തരം വീഴ്ചകളാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്.
കോവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണെന്നത് വസ്തുതയാണ്. ഇതുവരെ ഇരുപത്തിമൂവായിരത്തോളം സാമ്പിളുകള്‍ മാത്രമാണ് കേരളം പരിശോധിച്ചത്. പരിശോധിച്ച വ്യക്തികളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. രോഗവ്യാപനം കൂടിയ ജില്ലകളില്‍ പോലും ടെസ്റ്റുകള്‍ കുറവാണ്. ടെസ്റ്റിന്റെ ഫലം  വരാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഈ വസ്തുതകള്‍ പറയാതിരിക്കാനാകില്ല.
വിമര്‍ശിക്കുന്നവരെ ആക്ഷേപിക്കുന്ന കടകംപള്ളി സുരേന്ദ്രന് ശകുനിയുടെ മനസ്സാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തമ്മിലടിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും രസിക്കുകയാണദ്ദേഹം. അഹങ്കാരവും ധാര്‍ഷ്ട്യവുമാണദ്ദേഹത്തിന്. കടകമ്പള്ളിയുടെ തമ്പുരാന്‍ മനസ്സ് ജനാധിപത്യത്തില്‍ വിലപ്പോവില്ല. ഇതെല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് ജനങ്ങള്‍. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നവരെ ആക്ഷേപിക്കാതെ അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. കേരളം എന്നാല്‍ പിണറായി എന്നാണ് കടകംപള്ളിയുടെ ധാരണ. പണ്ട് ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന് പറഞ്ഞുനടന്നവരുണ്ട്. ഇത് ഫാസിസ്റ്റ് സമീപനമാണ്.

Related Articles

Leave a Reply

Back to top button